പട്‌ന: വഴക്കിട്ട അഞ്ചാം ക്ലാസ് വിദ്യാർഥികളെ തല്ലിയ അധ്യാപകനെ സ്‌കൂളിൽക്കയറി മർദിച്ച് മാതാപിതാക്കൾ. ബിഹാറിലെ ഗയയിലാണ് സംഭവം. രാകേഷ് രഞ്ജൻ ശ്രീവാസ്തവ എന്ന അധ്യാപകനെയാണ് വിദ്യാർഥിയുടെ രക്ഷിതാക്കൾ പത്തലും കുറുവടി ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് ക്രൂരമായി മർദിച്ചത്. സംഭവം നിയന്ത്രണാതീതമായതോടെ പോലീസ് ഇടപെട്ടു. പിന്നീട് രഞ്ജന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവം ഇങ്ങനെ- അഞ്ചാം ക്ലാസുകാരായ രണ്ടു വിദ്യാർഥികൾ തമ്മിൽ വഴക്കുണ്ടാക്കിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇരുവരുടെയും വഴക്കുകണ്ട് മൂന്നാമതൊരു വിദ്യാർഥി, അധ്യാപകനായ രഞ്ജനെ വിവരമറിയിച്ചു. തുടർന്നു ക്ലാസിലെത്തിയ രഞ്ജൻ കുട്ടികൾ തമ്മിലുള്ള വഴക്ക് അവസാനിപ്പിക്കുകയും ഇരുവർക്കും അടികൊടുക്കുകയും ചെയ്തു.
ഇതോടെ കുട്ടികളിൽ ഒരാൾ സ്‌കൂളിൽനിന്ന് ഓടിയിറങ്ങിപ്പോയി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ കുട്ടിയുടെ മാതാപിതാക്കൾ സ്‌കൂളിലേക്ക് പാഞ്ഞെത്തിയ ശേഷം അധ്യാപകനെ അടിക്കുകയും ഇടിക്കുകയും ചെയ്തു. വടികൊണ്ടും മർദിച്ചു. രഞ്ജനെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് സ്‌കൂൾ ജീവനക്കാർക്കും കുട്ടിയുടെ രക്ഷിതാക്കളുടെ മർദനമേറ്റു. സ്കൂൾ സംഘർഷഭരിതമായതോടെ ക്ലാസ് മുറിയിൽനിന്ന് കുട്ടികൾ ഇറങ്ങിയോടി. തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സാരമായി പരുക്കേറ്റ രഞ്ജനെയും മറ്റൊരു അധ്യാപകൻ ധർമേന്ദ്ര കുമാറിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#Watch | बिहार के गया जिले के खिजरसराय प्रखंड के मध्य विद्यालय शाहबाजपुर उस वक्त हंगामा मच गया। जब टीचर ने पांचवीं के छात्र की पिटाई कर दी। जिसके बाद गुस्साए परिजन लाठी लेकर स्कूल पहुंच गए। और फिर शिक्षक को दौड़ा-दौड़ा कर पीटा। जिसका वीडियो सोशल मीडिया पर वायरल हो रहा है।#Bihar pic.twitter.com/aZwMfIRbQ4
— Hindustan (@Live_Hindustan) July 6, 2025