പാലക്കാട്: മീൻവല്ലം തുടിക്കോട് ആദിവാസി കോളനിയിൽ മൂന്ന് കുട്ടികൾ ചിറയിൽ മുങ്ങിമരിച്ചു. സഹോദരങ്ങളായ ഏഴും നാലും ആറും വയസുള്ള പ്രദീപ്, പ്രതീഷ്, രാധിക എന്നിവരാണ് മരിച്ചത്. തുടിക്കോട് സ്വദേശി പ്രകാശിൻ്റെയും അനിതയുടെയും രണ്ട് മക്കളായ പ്രതീഷ്, പ്രദീപ് എന്നിവരും പ്രകാശൻ്റെ സഹോദരിയുടെ മകളായ രാധികയുമാണ് മരിച്ചത്. വീടിൻ്റെ 200 മീറ്റർ അടുത്തുള്ള ആളുകൾ അധികം കടന്നുചെല്ലാത്ത ചിറയിലാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂവരുടേയും മൃതദേഹങ്ങൾ ചെളിയിൽ പൂണ്ട് കിടക്കുന്ന നിലയിലായിരുന്നു. സംഭവം നടക്കുന്ന സമയത്ത് പ്രകാശൻ ആശുപത്രിയിലായിരുന്നു. ഭാര്യ അനിതയും ഒരു വയസുള്ള കുഞ്ഞുമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ കുഞ്ഞുമായി വീട്ടിലായിരുന്ന സമയത്ത് വീടിന് വെളിയിൽ കളിക്കുകയായിരുന്ന കുട്ടികൾ. ഇതിനിടെ കൗതുകത്തിൻ്റെ പുറത്ത് ചിറയിലേക്ക് പോയിരിക്കാമെന്നും അപകടത്തിൽ പെട്ടതാവാമെന്നുമാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
കുട്ടികളെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അഞ്ചുമണിയോടെയാണ് കുട്ടികളെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങൾ നിയമപരമായ നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.