ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ കടുത്ത നടപടികൾ ചർച്ച ചെയ്യാൻ പാകിസ്ഥാൻ ദേശീയ സുരക്ഷ കൗൺസിൽ യോഗം ഇന്ന്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻറെ നേതൃത്വത്തിലാണ് യോഗം. ഇന്ത്യയ്ക്ക് ഉചിതമായ മറുപടി നൽകുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ക്വാജ ആസിഫ് ഇസ്ലാമാബാദിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
പാക് സേനകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയെന്ന് പ്രതികരിച്ച ആസിഫ്, ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ്റെ പങ്കിന് എന്ത് തെളിവാണുള്ളതെന്ന് ചോദിച്ചു. പാക്കിസ്ഥാനാണ് ഭീകരവാദത്തിൻ്റെ വലിയ ഇരകളിൽ ഒന്നെന്നും ഭീകര സംഘടനകൾ പ്രവർത്തിക്കുന്ന രാജ്യം ഇന്ത്യയാണെന്നും പാക് മന്ത്രി കുറ്റപ്പെടുത്തി. ഇന്ത്യയുടെ നടപടിയിൽ പ്രതിഷേധം അറിയിക്കാൻ പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ ഇന്ന് പാകിസ്ഥാൻ വിളിച്ചു വരുത്തുമെന്നാണ് കരുതുന്നത്.
ഇന്ത്യ-പാക് യുദ്ധങ്ങള്‍ നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത , സിന്ധു നദീ ജല കാരാർ 65 വര്‍ഷങ്ങള്‍ക്കിപ്പുറം മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് പാകിസ്ഥാന് കനത്ത വെല്ലുവിളിയായത്. ഇതിനെതിരെ പാകിസ്ഥാനിലെ മുതിർന്ന മന്ത്രിമാർ ഇന്നലെ രംഗത്ത് വന്നിരുന്നു. പാക് പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തി വച്ച ഇന്ത്യ, വാഗ-അട്ടാരി ചെക്ക് പോസ്റ്റ് അടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഒരാഴ്ചയ്ക്കുള്ളിൽ പുറത്താക്കാനും ഇന്ത്യയുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും തീരുമാനിച്ചു.