ബെയ്ജിംഗ്: ഭീകരവാദത്തിനെതിരായ സഹകരണം കൂടുതൽ ശക്തമാക്കാനും ചൈന–പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (CPEC) യെ തടസങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും പാക്കുസ്ഥാനും ചൈനയും തമ്മിൽ ധാരണ. ബെയ്ജിംഗിൽ നടന്ന പാക്കിസ്ഥാൻ–ചൈന ഏഴാമത് തന്ത്രപര സംഭാഷണത്തിലാണ് ഇക്കാര്യം സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചത്. അതുപോലെ പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ നിലപാടിനെ ചൈന പുകഴ്ത്തി.
പാക്കിസ്ഥാൻ ഭീകരവാദം തടയാൻ സ്വീകരിച്ച സമഗ്ര നടപടികളിലും ചൈനീസ് പൗരന്മാരുടെയും പദ്ധതികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിലും ഇരുരാജ്യങ്ങളും സംതൃപ്തി രേഖപ്പെടുത്തി. ഭീകരവാദത്തോട് സീറോ ടോളറൻസ് നയം തുടരാനും, സുരക്ഷാ സഹകരണം കൂടുതൽ ആഴത്തിലാക്കാനും ധാരണയായി, അതുപോലെ അഫ്ഗാൻ ഭരണകൂടം സ്വന്തം മണ്ണ് മറ്റേതെങ്കിലും രാജ്യങ്ങൾക്കെതിരായ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധിക്കാവുന്ന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അഫ്ഗാൻ മണ്ണിൽ പ്രവർത്തിക്കുന്ന എല്ലാ ഭീകര സംഘടനകളെയും പൂർണമായും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയും സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.
പാക്കിസ്ഥാന്റെ പരമാധികാരം, സ്വാതന്ത്ര്യം, ഭൗമ അഖണ്ഡത എന്നിവയ്ക്ക് ചൈന തന്റെ പിന്തുണ വീണ്ടും ഉറപ്പിച്ചു. പ്രതിരോധം, സാമ്പത്തികം, വ്യാപാരം എന്നിവയിൽ ദ്വൈപക്ഷിക സഹകരണവും നിക്ഷേപവും കൂടുതൽ ശക്തമാക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചു. അതേസമയം, വൺ- ചൈന നയം പാക്കിസ്ഥാൻ വീണ്ടും ആവർത്തിച്ചു. തായ്‌വാൻ, ദക്ഷിണ ചൈനാ കടൽ, ഹോങ്കോങ് വിഷയങ്ങളിൽ ചൈനയുടെ നിലപാടുകൾക്ക് പാക്കിസ്ഥാൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു. മറുപടിയായി, പാക്കിസ്ഥാന്റെ ദേശീയ താൽപ്പര്യങ്ങൾക്കുള്ള ചൈനയുടെ പിന്തുണയും ആവർത്തിച്ചു.
ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധങ്ങളുടെ 70-ാം വാർഷികം ഈ വർഷം ആഘോഷിക്കുമെന്നും, “ഇരുമ്പുകെട്ട് സൗഹൃദം” കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ സഹകരണ മേഖലകൾ വികസിപ്പിക്കുന്നതിനും പരിപാടികൾ സംഘടിപ്പിക്കുമെന്നും അറിയിച്ചു. ശക്തമായ പാക്കിസ്ഥാൻ–ചൈന ബന്ധം പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും വികസനത്തിനും നിർണായകമാണെന്നും ഇരുവിഭാഗങ്ങളും വ്യക്തമാക്കി. വ്യാപാരവും ജനതാ- ജനതാ ബന്ധങ്ങളും വർധിപ്പിക്കുന്നതിനായി ഖുൻജെറാബ് പാസ് വർഷം മുഴുവൻ തുറന്ന് പ്രവർത്തിപ്പിക്കുമെന്നും ഇരുരാജ്യങ്ങളും അറിയിച്ചു. പാക്കിസ്ഥാൻ യുഎസുമായുള്ള ബന്ധം ശക്തിപ്പെടുത്തിയതിനു പിന്നാലെയാണ് ചൈനയുടെ ഉദാരമായ പിന്തുണ. ഇതിനു പ്രതിഫലമെന്നോണം ചൈന– പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതിയിലൂടെ ചൈന വൻ നിക്ഷേപമാണ് പാക്കിസ്ഥാന് നൽകുന്നത്. അതിർത്തി കടന്നു ജലസ്രോതസുകൾ ഉപയോഗിക്കാനുള്ള പദ്ധതിയുമായും ശക്തമാക്കി.
















































