വാഷിങ്ടൺ: യുദ്ധം അവസാനിപ്പിക്കാൻ അടുത്തുതന്നെ ഒരു കരാറിലെത്തിയില്ലെങ്കിൽ, ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ളവ തകർക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ഭീഷണി. ഇറാനിലെ പുതിയതും വിവേകപൂർണവുമായ ഭരണകൂടവുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഉടൻ ഒരു ധാരണയിലെത്താൻ സാധിക്കാത്ത പക്ഷം ഇറാനിലെ നിർണായക അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ അമേരിക്ക തയ്യാറാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് ഉടൻ വ്യാപാരത്തിനായി തുറന്നുകൊടുക്കുന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങൾ, എണ്ണക്കിണറുകൾ, ഖാർഗ് ദ്വീപ്, ശുദ്ധീകരണ പ്ലാന്റുകൾ എന്നിവ പൂർണമായി നശിപ്പിക്കുമെന്നും ട്രംപിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ 47 വർഷമായി ഇറാൻ ഭരണകൂടം അമേരിക്കൻ സൈനികരടക്കമുള്ളവരെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായിരിക്കും ഇറാനെ തകർക്കുകയെന്നും ട്രംപ് പറഞ്ഞു.
അതേസമയം പാക്കിസ്ഥാൻ മധ്യസ്ഥത വഹിച്ച് യുഎസ് കഴിഞ്ഞയാഴ്ച അറിയിച്ച 15 ഇന വെടിനിർത്തൽ നിർദേശം ഇറാൻ നിരസിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കുക, ആണവ പദ്ധതികൾക്ക് നിയന്ത്രണമേർപ്പെടുത്തുക എന്നിവയായിരുന്നു പ്രധാന നിർദേശങ്ങൾ. എന്നാൽ, ഇറാൻ പകരം ചില ബദൽ നിർദേശങ്ങളാണ് മുന്നോട്ടുവെച്ചത്. മേഖലയിലെ ഇറാന്റെ സഖ്യകക്ഷികളെ ആക്രമിക്കുന്നത് ഇസ്രയേൽ നിർത്തണമെന്നും യുദ്ധത്തിലുണ്ടായ നാശങ്ങൾക്ക് നഷ്ടപരിഹാരം ചെയ്യണമെന്നും പശ്ചിമേഷ്യയിലെ യു.എസ്. സൈനിക താവളങ്ങൾ നീക്കംചെയ്യണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യങ്ങൾ.


















































