വാഷിങ്ടൺ: ഇറാന്റെ പുതിയ സുപ്രീം ലീഡറായി തെരഞ്ഞെടുക്കപ്പെട്ട മൊജ്താബ ഖമനേയി സ്വവർഗാനുരാഗിയെന്ന് കേന്ദ്ര ഇന്റലിജൻസ് ഏജൻസി (സിഐഎ)യുടെ കണ്ടെത്തൽ. അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സിഐഎ നൽകിയ വിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ സ്ഥിരീകരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. മൊജ്തബ ഖമെനെയി സ്വവർഗാനുരാഗിയാണെന്ന സൂചനകളാണ് സിഐഎ നൽകിയതെന്ന് ട്രംപ് പറഞ്ഞു.
ഈ മാസം ആദ്യം ന്യൂയോർക്ക് പോസ്റ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലൂടെയാണൺ് ഈ വിവരം പുറത്തുവന്നത്. അമേരിക്കൻ ഇന്റലിജൻസ് ബ്രിഫിംഗിനിടെ മൊജ്തബ ഖമെനെയി സ്വവർഗാനുരാഗിയാണെന്ന വിവരം കേട്ടപ്പോൾ ട്രംപ് അതിശയിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഈ കാരണത്താൽ തന്നെ അദ്ദേഹത്തിന്റെ ഭരണയോഗ്യതയെക്കുറിച്ച് പിതാവായ അയത്തുള്ള അൽ ഖമനേയി ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിനിടെ ഈ വിഷയത്തിൽ ചോദിക്കപ്പെട്ടപ്പോൾ ട്രംപ് പ്രതികരിച്ചത് ഇങ്ങനെ- “അവർ അങ്ങനെ പറഞ്ഞിട്ടുണ്ട്. എന്നാൽ അത് സിഐഎ മാത്രം പറഞ്ഞതാണോ എന്നെനിക്ക് വ്യക്തമല്ല. പലരും ഇതേ കാര്യം പറയുന്നുണ്ട്. അത് ആ രാജ്യത്തിന്റെ സാഹചര്യത്തിൽ അദ്ദേഹത്തിന് നല്ല തുടക്കമല്ല”
അതേസമയം ഇറാനിൽ സ്വവർഗാനുരാഗം നിയമപരമായി ഗുരുതര കുറ്റമായി കണക്കാക്കപ്പെടുകയും മരണശിക്ഷ വരെ ലഭിക്കാവുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ ഈ ആരോപണങ്ങൾ വലിയ വിവാദങ്ങൾക്ക് ഇടയാക്കുകയാണ്. ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ടിൽ റിപ്പോർട്ടിൽ, ഈ വിവരം കേട്ടപ്പോൾ ട്രംപ് ചിരിച്ചുവെന്നും മുറിയിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും അതിൽ പങ്കുചേർന്നുവെന്നും പറയുന്നു. ഒരു മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ഈ സംഭവത്തെ കുറിച്ച് ദിവസങ്ങളോളം ചിരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, മൊജ്തബ ഖമെനെയി അടുത്തിടെ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നത് ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്. പിതാവും മുൻ സുപ്രീം ലീഡറുമായ അലി ഖമനേയി കൊല്ലപ്പെട്ട എയർസ്ട്രൈക്കിന് ശേഷം മിഡിൽ ഈസ്റ്റിൽ സംഘർഷാവസ്ഥ രൂക്ഷമായതോടെയാണ് അദ്ദേഹം പൊതുജനങ്ങൾക്ക് മുന്നിൽ കാണാതായത്.
ഇറാന്റെ ഉപവിദേശകാര്യ മന്ത്രിയായ ഇസ്മായിൽ ബാഗായി കഴിഞ്ഞ ആഴ്ച നൽകിയ പ്രതികരണത്തിൽ മൊജ്തബ ഖമനേയി “സുഖമായിരിക്കുന്നു” എന്നായിരുന്നു വ്യക്തമാക്കിയത്. എന്നാൽ, അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇതിനിടെ, മൊജ്തബ ഖമനേയി ജീവനോടെയുണ്ടോ എന്ന കാര്യത്തിലും ട്രംപ് സംശയം പ്രകടിപ്പിച്ചിരുന്നു. മാർച്ച് 14-ന് ഒരു വാർത്താ ചാനലിനോട് സംസാരിക്കവെ “അദ്ദേഹം ജീവനോടെയാണോ എന്നറിയില്ല. ഇതുവരെ ആരും അത് തെളിയിച്ചിട്ടില്ല,” എന്നാണ് ട്രംപ് പറഞ്ഞത്. ഒരുപക്ഷേ ജീവനോടെ ഉണ്ടെങ്കിൽ രാജ്യത്തിന് അനുകൂലമായ ബുദ്ധിമുട്ടില്ലാത്ത തീരുമാനങ്ങൾ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. അതുപോലെ മുൻപ് ഫോക്സ് ന്യൂസിനു നൽകിയ മറ്റൊരു അഭിമുഖത്തിൽ “അദ്ദേഹം ജീവനോടെ ഉണ്ടാകാം. പക്ഷേ ഏതെങ്കിലും തരത്തിൽ പരുക്കേറ്റിരിക്കാം,” എന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.














































