ന്യൂഡൽഹി: വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ (വഖഫ് പട്ടികയിൽനിന്ന് ഒഴിവാക്കരുത്) ചെയ്യരുതെന്ന് സുപ്രീം കോടതി. ഉപയോഗം വഴിയോ, കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കൾ അത് അല്ലാതാക്കരുതെന്നാണ് കോടതി നിർദേശം. കേസ് കോടതിയിൽ തുടരുന്നത് തീർപ്പാക്കുന്നതിനിടെ ഡീനോട്ടിഫൈ ചെയ്യപ്പെട്ടാൽ വലിയ പ്രത്യാഘാതമുണ്ടാക്കും എന്നായിരുന്നു കോടതി വിലയിരുത്തൽ. കൂടാതെ വഖഫ് കൗൺസിലിലെ അംഗങ്ങളിൽ എക്സ് ഒഫിഷ്യോ അംഗങ്ങളെ മുസ്‌ലിം അല്ലെങ്കിലും നിയമിക്കാം. ബാക്കിയുള്ളവർ മുസ്‌ലിംകൾ ആയിരിക്കണമെന്നും കോടതി പറഞ്ഞു. അതേസമയം സുപ്രീം കോടതി ഇടക്കാല ഉത്തരവ് പറയാൻ തുടങ്ങിയെങ്കിലും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അതിശക്തിമായ എതിർപ്പിനെ തുടർന്ന് കേസ് കൂടുതൽ വാദത്തിനായി വ്യാഴാഴ്ചത്തേക്കു മാറ്റി.
‘അതേസമയം പാർലമെന്റ് നിയമത്തിലൂടെ മതാചാരത്തിൽ സർക്കാർ ഇടപെട്ടുവെന്ന് കപിൽ സിബൽ സുപ്രീം കോടതിയിൽ വാദിച്ചു. ഇത് അ നുച്ഛേദം 26ന്റെ ലംഘനമാണ്. മതപരമായ ആചാരങ്ങൾ ഭരണഘടനാപരമായ അവകാശമാണ്. ഇസ്‌ലാം മതത്തിലെ അനിവാര്യ ആചാരമാണ് വഖഫ്. ആചാരത്തെ ചോദ്യം ചെയ്യാൻ സർക്കാരിന് എന്ത് അധികാരമെന്നും കപിൽ സിബൽ ചോദിച്ചു. കേസ് ഹൈക്കോടതിയിലേക്കു തിരികെ വിടണമോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അനുച്ഛേദം 26നെ മതാചാരവുമായി കൂട്ടിക്കുഴയ്ക്കരുത്. അനുച്ഛേദം 26 മതേതരമാണ്, എല്ലാ സമുദായങ്ങൾക്കും ബാധകമാണ്. പുരാതന സ്മാരകങ്ങളാകും മുൻപ് വഖഫായിരുന്നത് അങ്ങനെതന്നെ തുടരുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി. സഞ്ജയ് കുമാർ, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുസ്‌ലിം ലീഗ്, സിപിഐ, ഡിഎംകെ, നടൻ വിജയ് നയിക്കുന്ന തമിഴ്നാട് വെട്രി കഴകം, വൈഎസ്ആർ കോൺഗ്രസ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡ്, ജംഇയ്യത്ത് ഉലമ ഐ ഹിന്ദ്, തൃണമൂൽ എംപി മഹുവ മൊയ്ത്ര, കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി, ആർജെഡി, എഎപി നേതാവ് അമാനുത്തുല്ല ഖാൻ, അസോസിയേഷൻ ഫോർ ദ് പ്രൊട്ടക്‌ഷൻ ഓഫ് സിവിൽ റൈറ്റ്സ്, മൗലാന അർഷദ് മഅദനി, അൻജും ഖദ്രി, തയ്യിബ് ഖാൻ, സാൽമനി, മുഹമ്മദ് ഷാഫി, മുഹമ്മദ് ഫസലുറഹീം തുടങ്ങിയവർ നൽകിയ ഹർജികളാണ് കോടതി ഇന്ന് ഒന്നിച്ചു പരിഗണിച്ചത്.