കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ പരിശോധന നടത്തും. എംആർഐ സ്കാനിങ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് ഇന്നലെ തീരുമാനമെടുത്തിരുന്നു. അതേസമയം മന്ത്രി വീണാ ജോർജിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പേലീസിനു കിട്ടിയില്ല. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചെങ്കിലും മന്ത്രിയെ പ്രതിഷേധക്കാർ മർദിക്കുന്ന ദൃശ്യങ്ങൾ ഇതിലില്ലെന്നാണ് റിപ്പോർട്ട്.
ഇതിനിടെ മന്ത്രിയ്ക്ക് എതിരായ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാത്രി കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫിസിന് അജ്ഞാതർ തീയിട്ടു. അർധരാത്രിയോടെയാണ് സംഭവം. കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിനാണ് തീയിട്ടത്. പിന്നാലെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിന്റെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും സിപിഎം നശിപ്പിക്കുന്നത് തുടരുകയാണ്.
അതേസമയം ഇന്നലെ രാത്രി 10 മണിയോടെ മന്ത്രിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെവച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ പരിശോധന നടത്തും. ആക്രമിക്കപ്പെട്ടയുടൻ മന്ത്രിയെ ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അഞ്ചര മണിക്കൂർ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതൽ പരിശോധനകൾക്കായാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഇതിനിടെ അറസ്റ്റിലായ അഞ്ച് കെഎസ്‌യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം രാത്രിയോടെയാണ് ഇവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, അഹമ്മദ് യാസീൻ, സി.എച്ച്. മുബാസ്, വി.വി. അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തിൽ പരുക്കേൽപ്പിച്ചു എന്നാണ് കെഎസ്‌യു പ്രവർത്തകർക്ക് എതിരായ കേസ്. കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്ത ഇവരെ റെയിൽവേ പോലീസിനു കൈമാറുകയായിരുന്നു. കൂടാതെ എകെജി ആശുപത്രിക്ക് മുന്നിൽ വച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. മന്ത്രി വീണാ ജോർജിൻറെ വാഹനത്തിനു മുന്നിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്കർ കണ്ണാടിപറമ്പ, ജാബിർ, നിസാം, നിഹാൽ ഇരിക്കൂർ എന്നിവരാണ് റിമാൻഡിലായത്.
മന്ത്രി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒന്നാം പ്ലാറ്റ്ഫോമിനു പുറത്ത് ബിജെപി പ്രവർത്തകരാണ് മന്ത്രിക്കെതിരെ ആദ്യം പ്രതിഷേധിച്ചത്. ശേഷം മന്ത്രി പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴാണ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. അഞ്ചോളം പ്രവർത്തകരാണ് മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. ഇവരെ പോലീസ് തടയാൻ ശ്രമിക്കുന്നതിനിടെ ഉന്തും തള്ളുമുണ്ടാവുകയായിരുന്നു. ഇതിനിടെ മന്ത്രി പ്രതിഷേധക്കാരോടും പോലീസിനോടും കയർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പോലീസ് മന്ത്രിയെ തടയാൻ ശ്രമിക്കുമ്പോഴും ‘എന്താ എനിക്ക് നടക്കാൻ പറ്റില്ലേ, ഭീരുക്കൾ അവരോട് ഒന്നുകൂടി വരാൻ പറയൂ’ എന്ന് മന്ത്രി പറയുന്നുണ്ട്.
തുടർന്നു പ്രതിഷേധക്കാരെ മാറ്റിയ ശേഷം കടന്നുപോയ മന്ത്രി ഇവിടെയുണ്ടായിരുന്ന സ്പീക്കർ എ.എൻ. ഷംസീറിനെ കണ്ടു. തുടർന്നാണ് തനിക്ക് പരുക്കേറ്റുവെന്ന് മന്ത്രി വെളിപ്പെടുത്തിയത്. സ്പീക്കറുടെ നിർദേശ പ്രകാരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.













































