കായംകുളം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപത് വയസുകാരി കുത്തിവെപ്പിനെ തുടർന്നു മരിച്ചു. ചേരാവള്ളി ചിറക്കടവം ലക്ഷ്മി ഭവനത്തിൽ അജിത്തിന്റെയും ശരണ്യയുടെയും മകൾ ആദി ലക്ഷ്മി (9) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. പനിയും വയറു വേദനയുമായാണ് കുട്ടിയെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കാനിങ്ങിലും മറ്റു പരിശോധനകളിലും കുട്ടിക്കു കുഴപ്പങ്ങൾ ഒന്നുമില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നതെന്ന് കുട്ടിയുടെ ബന്ധുക്കൾ പറയുന്നു.
എന്നാൽ ഇന്ന് രാവിലെ കുട്ടിക്കു കുത്തിവയ്പ് എടുത്തിരുന്നു. ഇതോടെ ഉറക്കത്തിലായ കുട്ടി ഉണരാതെ വന്നതോടെ മാതാപിതാക്കൾ ഡോക്ടറെ സമീപിച്ചു. ഡോക്ടർ പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ രോഷാകുലരായ ബന്ധുക്കൾ ആശുപത്രി അധികാരികളോട് തട്ടിക്കയറുകയും ആശുപത്രിയുടെ ജനൽ ചില്ലുകൾ തല്ലിത്തകർക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗവ. എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ആദി ലക്ഷ്മി.
ഭക്ഷണത്തിന്റെ അമിതവില ചോദ്യം ചെയ്ത യാത്രക്കാരന് റെയില്‍വേ കാറ്ററിങ് ജീവനക്കാരുടെ ക്രൂര മർദ്ദനം