ബെംഗളൂരു: ആർസിബിക്കെതിരായ മത്സരത്തിൽ വെറും രണ്ടു റൺസിന്റെ മാത്രം തോൽവി വഴങ്ങിയതിനു പിന്നാലെ, പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്യാപ്റ്റൻ എംഎസ് ധോണി. കഴിഞ്ഞ മത്സരത്തിൽ ബാറ്റിങ്ങിൽ തന്റെ ഭാഗത്തുനിന്ന് വന്ന പിഴവാണ് തന്റെ ടീമിന്റെ തോൽവിക്കു കാരണമെന്ന് ധോണി തുറന്നുപറഞ്ഞു. മത്സരശേഷം സംസാരിക്കുമ്പോഴാണ്, തോൽവിക്കു കാരണം താനാണെന്ന ധോണിയുടെ ഏറ്റുപറച്ചിൽ. താൻ ബാറ്റിങ്ങിന് എത്തുന്ന സമയത്ത് ബാക്കിയുണ്ടായിരുന്ന പന്തുകളും വിജയത്തിലേക്കു വേണ്ട റൺസും പരിശോധിച്ചാൽ, കുറച്ചുകൂടി മികച്ച ഷോട്ടുകൾ കളിക്കാൻ സാധിച്ചിരുന്നെങ്കിൽ സമ്മർദ്ദം അയയുമായിരുന്നുവെന്ന് ധോണി സമ്മതിച്ചു.
‘‘ഞാൻ ബാറ്റിങ്ങിന് ഇറങ്ങുന്ന സമയത്ത് ബാക്കിയുണ്ടായിരുന്ന പന്തുകളും വിജയത്തിലേക്കു വേണ്ടിയിരുന്ന റൺസും പരിശോധിക്കുമ്പോൾ, കുറച്ചുകൂടി നല്ല ഷോട്ടുകൾ കളിക്കേണ്ടതായിരുന്നുവെന്ന് തോന്നുന്നു. അങ്ങനെയെങ്കിൽ ഇത്ര സമ്മർദ്ദവും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് ഈ തോൽവിയുടെ ഉത്തരവാദിത്തം എനിക്കു തന്നെയാണ്. ആർസിബിക്ക് ലഭിച്ച മികച്ച തുടക്കത്തിനു ശേഷം ഞങ്ങളുടെ ബോളർമാർ തിരിച്ചടിച്ച് കാര്യങ്ങൾ വരുതിയിലാക്കിയതും ശ്രദ്ധേയമായ കാര്യമാണ്’ – മത്സരശേഷം ധോണി പറഞ്ഞു.
‘‘പക്ഷേ, ഡെത്ത് ഓവറുകളിൽ റൊമാരിയോ ഷെപ്പേഡിന്റെ ബാറ്റിങ് ഉജ്വലമായിരുന്നു. ഞങ്ങളുടെ ബോളർമാർ എങ്ങനെ ബോൾ ചെയ്താലും അതെല്ലാം ബൗണ്ടറി കടത്താനുള്ള ആവേശത്തോടെയാണ് ഷെപ്പേഡ് ക്രീസിൽ നിന്നത്. ഷെപ്പേഡിന്റെ ആ ഇന്നിങ്സാണ് മത്സരത്തിൽ നിർണായകമായത്. കുറച്ചുകൂടി കൃത്യതയോടെ യോർക്കറുകൾ എറിയാൻ നമ്മുടെ ബോളർമാർ പരിശീലിക്കണം. കാരണം ബാറ്റർമാർ പന്തുകൾ കൃത്യമായി കണക്ട് ചെയ്ത് മികച്ച ഫോമിലുള്ള ദിവസമാണെങ്കിൽ, കിറുകൃത്യമായ യോർക്കറുകളിലൂടെ മാത്രമേ അവരെ പിടിച്ചുകെട്ടാനാകൂ. യോർക്കറിനുള്ള ശ്രമം കൃത്യമായില്ലെങ്കിൽക്കൂടി അടുത്ത മികച്ച സാധ്യത ലോ ഫുൾടോസാണ്. അതും അടിക്കാൻ ബുദ്ധിമുട്ടുള്ള പന്താണ്’ – ധോണി പറഞ്ഞു.
‘‘അക്കാര്യത്തിൽ ചെന്നൈ ബോളർമാർ കുറച്ചുകൂടി മെച്ചപ്പെടേണ്ടതുണ്ട്. പതിരണയേപ്പോലുള്ള ഒരു ബോളർക്ക് കൃത്യമായി യോർക്കറുകൾ കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ പോലും, പേസുള്ളതിനാൽ ബൗൺസറുകൾ എറിഞ്ഞ് ബാറ്റർമാരെ വരുതിയിലാക്കാം. കാരണം പതിരണ യോർക്കറിനു ശ്രമിച്ച് പാളിപ്പോയാൽ അത് ബൗണ്ടറി കടത്താൻ ബാറ്റർമാർക്ക് അവസരം ലഭിക്കുന്നുണ്ട്’ – ധോണി കൂട്ടിച്ചേർത്തു.
അതേസമയം മത്സരത്തിൽ തകർത്തടിച്ചു മുന്നേറിയ യുവ ഓപ്പണർ ആയുഷ് മാത്രെ സെഞ്ച്വറിക്കരികിൽ വീണതോടെയാണ് ജയത്തിന് തൊട്ടരികെ നിന്ന ചെന്നൈ പരാജയത്തിലേക്കു കൂപ്പുകുത്തി വീണത്. ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു 213 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയപ്പോൾ പതിനേഴുകാരൻ ആയുഷ് മാത്രെയുടെയും (48 പന്തിൽ 94) രവീന്ദ്ര ജഡേജയുടെയും (45 പന്തിൽ 77 നോട്ടൗട്ട്) മികവിൽ ചെന്നൈയും തിരിച്ചടിച്ചു. അവസാന 4 ഓവറിൽ 43 റൺസ് വേണ്ടിയിരുന്ന ചെന്നൈയ്ക്കു മാത്രെയുടെ പുറത്താകൽ വിജയ പ്രതീക്ഷയ്ക്ക് കരിനിഴൽ സൃഷ്ടിക്കുകയായിരുന്നു.
തുടർന്നു ജയിക്കാൻ 15 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിലെ മൂന്നാം പന്തിൽ എംഎസ് ധോണി പുറത്തായി (8 പന്തിൽ 12). 3 പന്തിൽ 6 റൺസായി ലക്ഷ്യം വീണ്ടും ചുരുങ്ങിയെങ്കിലും ചെന്നൈ ബാറ്റർമാർ വിജയം കൈവിട്ടു. 25 പന്തിൽ ഐപിഎലിലെ കന്നി അർധ സെഞ്ച്വറി കുറിച്ച മാത്രെയുടെ പിൻബലത്തിലാണു ചെന്നൈ പവർപ്ലേയിൽ കുതിച്ചതെങ്കിൽ മധ്യ ഓവറുകളിൽ രവീന്ദ്ര ജഡേജ മാത്രെയ്ക്ക് കൂട്ടായെത്തി. 64 പന്തിൽ 114 റൺസ് നേടിയ ഇവരുടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനെ ജയത്തിന് അരികിലെത്തിച്ചപ്പോഴായിരുന്നു അവസാന ഓവറുകളിലെ അപ്രതീക്ഷിത വീഴ്ച.
17–ാം ഓവറിൽ മാത്രെയുടേത് അടക്കം 2 വിക്കറ്റ് വീഴ്ത്തിയ ബെംഗളൂരു പേസർ ലുംഗി എൻഗിഡി ചെന്നൈയുടെ ലക്ഷ്യം 3 ഓവറിൽ 35 റൺസാക്കി. 18–ാം ഓവറിൽ സ്പിന്നർ സുയാഷ് ശർമ വിട്ടുകൊടുത്തത് 6 റൺസ് മാത്രം. 15 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ യഷ് ദയാലിന്റെ ആദ്യ 3 പന്തുകളും ഫുൾടോസായി. 2 സിംഗിളുകൾക്കുശേഷം മൂന്നാം പന്തിൽ ധോണി എൽബിഡബ്ല്യു. നാലാം പന്തിൽ അരയ്ക്കു മുകളിലേക്കെത്തിയ ഹൈ ഫുൾടോസിൽ സിക്സർ പറത്തിയ ശിവം ദുബെ റിവ്യൂവിലൂടെ നോബോളും നേടിയെടുത്തു. എന്നാൽ അവസാന 3 പന്തുകളും സമർഥമായി എറിഞ്ഞ യഷ് ദയാൽ ചെന്നൈയെ തളച്ചിട്ടു.
നേരത്തേ വിരാട് കോലി (33 പന്തിൽ 62), ജേക്കബ് ബെഥൽ (33 പന്തിൽ 55), റൊമാരിയോ ഷെപ്പേഡ് (14 പന്തിൽ 53 നോട്ടൗട്ട്) എന്നിവരുടെ അർധ സെഞ്ചറികളുടെ കരുത്തിലാണ് ബെംഗളൂരു മികച്ച സ്കോർ നേടിയത്.