സനാ, യെമൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനം പ്രതീക്ഷിച്ച് 13 വയസുകാരി മകൾ മിഷേൽ അടക്കമുള്ളവർ യെമനിൽ എത്തി. പിതാവ് ടോമി തോമസിനും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ ഡോ. കെ എ പോളിനുമൊപ്പമാണ് മിഷേൽ യെമനിലെ അധികൃതരോട് അമ്മയുടെ മോചനത്തിനായി ദയ യാചിക്കാൻ എത്തിയിരിക്കുന്നത്.
വർഷങ്ങളായി യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കഴിഞ്ഞ പത്ത് വർഷമായി മകൾ കണ്ടിട്ടില്ല. മലയാളത്തിലും ഇംഗ്ലീഷിലുമായി നടത്തിയ വികാരനിർഭരമായ അഭ്യർത്ഥനയിൽ മിഷേൽ, “എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണ്. അമ്മയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ദയവായി സഹായിക്കണം. അമ്മയെ കാണാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്. അമ്മയെ ഞാൻ ഒരുപാട് മിസ് ചെയ്യുന്നു” എന്ന് പറഞ്ഞു.
അതേസമയം, നിമിഷയുടെ ഭർത്താവ് ടോമി തോമസും അഭ്യർത്ഥന നടത്തി. “ദയവായി എന്‍റെ ഭാര്യ നിമിഷ പ്രിയയെ രക്ഷിക്കണം, സ്വന്തം നാട്ടിലെത്തിക്കാൻ സഹായിക്കണം.” എന്ന് അദ്ദേഹം പറഞ്ഞു. മിഷേലിനും പിതാവിനുമൊപ്പം യെമൻ അധികൃതരോട് സംസരിക്കാൻ ഡോ. കെ എ പോളും ഉണ്ടായിരുന്നു. യെമൻ അധികാരികൾക്കും ചർച്ചകളിൽ ഉൾപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന തലാൽ കുടുംബത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ”നിമിഷയുടെ ഏക മകൾ പത്ത് വർഷമായി അവളെ കണ്ടിട്ടില്ല. മിഷേൽ ഇവിടെയുണ്ട്. തലാൽ കുടുംബത്തിന് നന്ദി പറയുന്നു. നിങ്ങൾ നിമിഷയെ എത്രയും വേഗം, ഒരുപക്ഷേ നാളെയോ മറ്റന്നാളോ മോചിപ്പിക്കുകയാണെങ്കിൽ ഞങ്ങൾ അങ്ങേയറ്റം കടപ്പെട്ടിരിക്കും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ” പിടിഐ പോസ്റ്റ് ചെയ്ത വീഡിയോയിൽ പോൾ പറയുന്നു.
ഈ ദൗത്യം തികച്ചും മാനുഷികം ആണെന്ന് ഡോ. പോൾ ചൂണ്ടിക്കാട്ടുകയും യുദ്ധവും വിദ്വേഷവും മൂലം ഉണ്ടാകുന്ന ദുരിതങ്ങളിലേക്ക് ലോകശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. “യുദ്ധങ്ങളും അനാവശ്യമായ ഏറ്റുമുട്ടലുകളും കാരണം തകരുന്ന ഒരു ലോകത്താണ് നിർഭാഗ്യവശാൽ നമ്മൾ ജീവിക്കുന്നത്. ഈ ദൗത്യം വിജയകരമാകുമെന്നും, ദുരിതമനുഭവിക്കുന്ന ലോകത്തിന്‍റെ പല ഭാഗങ്ങൾക്കും ഇത് ഒരു മാതൃകയാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു” അദ്ദേഹം പറഞ്ഞു.
നേരത്തെ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. ഇന്ത്യൻ സർക്കാരിന്‍റെ നയതന്ത്ര ഇടപെടലുകൾ കാരണം ജൂലൈ 16ന് നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ താൽക്കാലികമായി നിർത്തിവെച്ചതായി ഇന്ത്യൻ സർക്കാർ പിന്നീട് അറിയിച്ചിരുന്നു. ഇരയുടെ കുടുംബത്തിന് ബ്ലഡ് മണി (ദിയ) നൽകാനുള്ള ശ്രമങ്ങളും തുടരുകയാണ്. എന്നാൽ, ആ കുടുംബം ഈ വാഗ്ദാനം നിരസിക്കുകയും പകരം അവരുടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.