ഹൈദരാബാദ്: തെലങ്കാനയിലെ മേഡ്ചൽ-മൽക്കാജ്ഗിരി ജില്ലയിലെ അന്നോജിഗുഡയിൽ വിവാഹം നിരസിച്ച യുവതിയോട് പ്രതികാരമായി എച്ച്ഐവി ബാധിത രക്തം കുത്തിവച്ചു. എച്ച്ഐവി ബാധിതനായ യുവാവ് സ്വന്തം ശരീരത്തിൽനിന്ന് കുത്തിയെടുത്ത രക്തം സിറിഞ്ച് ഉപയോഗിച്ച് കുത്തിവെച്ചെന്നാണ് ആരോപണം. സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മനോഹർ എന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത്.
പോലീസ് പറയുന്നതിങ്ങനെ- പോച്ചാരം സ്വദേശിയായ മനോഹറുമായി യുവതിയുടെ വിവാഹം ഏതാനും ആഴ്ചകൾക്ക് മുമ്പ് നിശ്ചയിച്ചിരുന്നു. എന്നാൽ മനോഹറും കുടുംബത്തിലെ ചിലരും എച്ച്ഐവി ബാധിതരാണെന്ന വിവരം പിന്നീട് യുവതിയും കുടുംബവും അറിഞ്ഞതോടെ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
മാർച്ച് 11ന് മനോഹർ യുവതിയുടെ വീട്ടിലെത്തി വീണ്ടും വിവാഹത്തിന് സ്വാധീനം ചെലുത്തിയതായി റിപ്പോർട്ടുണ്ട്. എന്നാൽ യുവതി വീണ്ടും നിരസിച്ചതോടെ സിറിഞ്ച് ഉപയോഗിച്ച് തൻ്റെ എച്ച്ഐവി ബാധിത രക്തം ബലമായി കുത്തിവെച്ചുവെന്നാണ് ആരോപണം. സംഭവത്തിന് പിന്നാലെ ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
സംഭവത്തിന് ശേഷം യുവതിക്ക് കടുത്ത അസ്വസ്തത അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ സംഭവിച്ച കാര്യങ്ങൾ യുവതി മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ കുടുംബം പോച്ചാരം ഐടി കോറിഡോർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇന്നു മനോഹറെ കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് അന്വേഷണം പുരോഗമിക്കുക പോലീസ് അറിയിച്ചു. ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കിടയാക്കിയിരിക്കുകയാണ്.















































