പാട്ന: മന്ത്രവാദത്തിന്‍റെ പേരിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ ജീവനോടെ ചുട്ടുകൊന്നു. ബീഹാറിലെ പൂർണിയയിലാണ് രാജ്യത്തെ നടുക്കിയ സംഭവം. കുടുംബം മന്ത്രവാദക്രിയകൾ നടത്തിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. കുടുംബത്തിലെ അംഗങ്ങളെ ക്രൂരമായി മർദ്ദിച്ച ശേഷം ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വിശദ വിവരങ്ങൾ
മന്ത്രവാദ ആരോപണത്തെ തുടർന്ന് ബബുലാൽ ഒറോൺ, ഭാര്യ സീത ദേവി, മാതാവ് കാതോ ദേവി, മകൻ മഞ്ജിത് ഒറോൺ, മരുമകൾ റാണി ദേവി എന്നിവരെ 250 ഓളം വരുന്ന ഗ്രാമവാസികൾ ചേർന്ന് ആക്രമിച്ച് ജീവനോടെ ചുട്ടുകൊന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഞായറാഴ്ച രാത്രി നകുൽ ഒറോണെന്നയാളുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്തിൽ ഇവരെ മന്ത്രവാദികളെന്ന് മുദ്രകുത്തി ക്രൂരമായി മർദ്ദിച്ച ശേഷം പെട്രോൾ ഒഴിച്ച് തീവെക്കുകയായിരുന്നുവെന്നും വിവരമുണ്ട്.
ലക്ഷങ്ങൾ മുടക്കി മന്ത്രവാദം നടത്തിയിട്ടും ഫലം കിട്ടിയില്ല, പണവും പോയി; ഒടുവിൽ സിദ്ധനെ തട്ടിക്കൊണ്ടുപോയി
ഗ്രാമവാസിയായ രാംദേവ് ഒറോണെന്നയാളുടെ മകന്റെ മരണവും അനന്തരവന്റെ രോഗവുമാണ് ഇവരെ മന്ത്രവാദികളെന്ന് ആരോപിക്കാൻ കാരണമായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രാദേശിക ജ്യോത്സ്യൻ കൂടിയായ നകുൽ ഒറോൺ ആണ് ഈ ആരോപണം ഉന്നയിച്ച് ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചതെന്ന് കണ്ടെത്തിയതായും വിവരമുണ്ട്. പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, ഗ്രാമത്തിൽ ഭീതിയും സംഘർഷവും നിലനിൽക്കുകയാണ്. രാജ്യത്തെ ഞെട്ടിച്ച കൊടും ക്രൂരത ബിഹാറിലെ അന്ധവിശ്വാസത്തിന്റെ ഭീകരമുഖം വെളിവാക്കുന്നതാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.