മുംബൈ: പോലീസ് സബ് ഇൻസ്‌പെക്ടർക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചുകൊണ്ട് മഹാരാഷ്ട്രയിലെ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടർ ജീവനൊടുക്കി. സത്താറയിലെ ഫൽട്ടൻ സബ് ജില്ലാ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്തിരുന്ന ഡോക്ടറാണ് തന്റെ കൈപ്പത്തിയിൽ പോലീസുകാരനെതിരെ ഗുരുതര ആരോപണങ്ങൾ കുറിച്ച് വച്ച് ജീവനൊടുക്കിയത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ നാലു തവണ ഗോപാൽ ബദ്നെ എന്ന എസ്‌ഐ തന്നെ ബലാത്സംഗം ചെയ്തതായി ഡോക്ടർ ആരോപിക്കുന്നു. പോലീസുകാരന്റെ നിരന്തരമായ പീഡനമാണ് തന്നെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും അവർ കുറിപ്പിൽ പറയുന്നു.
അതേസമയം ആരോപണ വിധേയനായ പോലീസുകാരനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെങ്കിലും, വ്യാഴാഴ്ച രാത്രി നടന്ന ഈ ആത്മഹത്യ മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. കൈപ്പത്തിയിലെ കുറിപ്പ് കൂടാതെ, ജൂൺ 19-ന് ഫൽട്ടനിലെ സബ്-ഡിവിഷണൽ ഓഫീസിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് (ഡിഎസ്പി) നൽകിയ കത്തിലും ഡോക്ടർ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നതായുള്ള വിവരം പുറത്ത് വന്നിട്ടുണ്ട്. ‘എന്റെ മരണത്തിന് കാരണം പോലീസ് ഇൻസ്‌പെക്ടർ ഗോപാൽ ബദ്‌നെയാണ്. അയാൾ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ചു മാസത്തിലേറെയായി അയാൾ എന്നെ ബലാത്സംഗത്തിനും മാനസികവും ശാരീരികവുമായ പീഡനത്തിനും ഇരയാക്കി’ ഡോക്ടറുടെ കൈപ്പത്തിയിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
ആത്മഹത്യ ചെയ്യുന്നതിന് മാസങ്ങൾക്ക് മുൻപ് ഡിഎസ്പിക്ക് നൽകിയ കത്തിൽ, ഫൽട്ടൻ റൂറൽ പോലീസ് ഡിപ്പാർട്ട്മെന്റിലെ മൂന്ന് പോലീസുകാർക്കെതിരെ ഡോക്ടർ ആരോപണമുന്നയിക്കുകയും അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എസ്‌ഐ ബദ്‌നെ, സബ് ഡിവിഷണൽ പോലീസ് ഇൻസ്‌പെക്ടർ പാട്ടീൽ, അസിസ്റ്റന്റ് പോലീസ് ഇൻസ്‌പെക്ടർ ലഡ്പുത്രെ എന്നിവരുടെ പേരുകളാണ് കത്തിൽ പരാമർശിച്ചിരുന്നത്.
ഇവർ നിമിത്തം താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും ഗുരുതരമായ ഈ വിഷയം അന്വേഷിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ പരാതിയിൽ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ഡോക്ടറുടെ മരണ ശേഷം മഹാരാഷ്ട്ര സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സംഭവം ചർച്ചയായതിന് പിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഉത്തരവ് പ്രകാരം ബദ്‌നെയെ സസ്‌പെൻഡ് ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കോൺഗ്രസ് നേതാവ് വിജയ് നാംദേവ്റാവു വടേത്തിവാർ മഹാസഖ്യ സർക്കാരിനെതിരെ ആഞ്ഞടിച്ചു.
‘രക്ഷകൻ വേട്ടക്കാരനാകുമ്പോൾ! ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് പോലീസിന്റെ കടമ, എന്നാൽ അവർ തന്നെ ഒരു വനിതാ ഡോക്ടറെ ചൂഷണം ചെയ്യുമ്പോൾ എങ്ങനെ നീതി ലഭിക്കും? ഈ പെൺകുട്ടി മുമ്പ് പരാതി നൽകിയപ്പോൾ എന്തുകൊണ്ട് നടപടിയെടുത്തില്ല? മഹാസഖ്യ സർക്കാർ തുടർച്ചയായി പോലീസിനെ സംരക്ഷിക്കുന്നു, ഇത് പോലീസ് അതിക്രമങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നു’ അദ്ദേഹം എക്‌സിലൂടെ പറഞ്ഞു. അതേസമയം സംഭവത്തിൽ മഹാരാഷ്ട്രയിലെ സംസ്ഥാന വനിതാ കമ്മിഷൻ സംഭവത്തിൽ ഇടപെടുകയും ഡോക്ടറുടെ പരാതിയിൽ നടപടിയെടുക്കുന്നതിലുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ പോലീസിന് നിർദ്ദേശം നൽകിയതായി അറിയിക്കുകയും ചെയ്തു.


















































