ഇത്തവണ തിരുനാവായ മണപ്പുറം ഒരു പരീക്ഷണ ലബോറട്ടറിയായിരുന്നു. കേരളത്തിലെ ക്ഷേത്രോൽസവങ്ങളെല്ലാം ഒരു പരിധി വരെ മതത്തിന്റെ ചടങ്ങുകൾക്കപ്പുറം അതാത് ദേശങ്ങളുടെ കൂടെ ആഘോഷങ്ങളായിരുന്നു. അതിനു പ്രധാന കാരണം ഇത്തരം ആഘോഷങ്ങളെല്ലാം ആനയും വാദ്യവും വെടിക്കെട്ടുമായി വർണാഭമായിരുന്നു എന്നതായിരുന്നു. ഓരോ ഉത്സവങ്ങളും ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകളേക്കാൾ ആളുകളുടെ പങ്കാളിത്തം ഇത്തരം ആഘോഷങ്ങളിലായിരുന്നു എന്നതും മതത്തിനപ്പുറം ജനവിഭാഗങ്ങൾ ഇതിൽ പങ്കു കൊള്ളാൻ കാരണമായിരുന്നു. എന്നാൽ ഇത്തവണ നടന്ന മഹാമാഘ മഹോത്സവം കെട്ടുകാഴ്ചകൾക്കപ്പുറം തീർത്തും കേരളത്തിന് അപരിചിതമായ ഹിന്ദുത്വ ബിംബങ്ങളുടെ ആഘോഷമായിരുന്നു. ഉത്തരേന്ത്യയിലൊക്കെ കണ്ടു വരുന്ന പോലെ തീവ്രമായ ഹിന്ദു ബിംബങ്ങളുടെ തെളിഞ്ഞ കാഴ്ചകളായിരുന്നു രണ്ടാഴ്ചയായി അവിടെ കണ്ടത്.
മൂന്ന് മാസം മുമ്പ് കേരളത്തിൽ ഉത്തരേന്ത്യയിലേതിന് സമാനമായി കുഭമേള നടത്താൻ പോകുന്നു എന്ന് ജൂന അഖാഢ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി പ്രഖ്യാപിച്ചപ്പോൾ ഇത് കേരളത്തിൽ നടക്കുമോ എന്ന് പലരും ചിന്തിച്ചിരുന്നു. പ്രത്യേകിച്ചും മലപ്പുറം ജില്ലയിൽ ഇത്തരം ഒരു പരിപാടി എങ്ങനെ നടത്തും, നടത്തിയാൽ തന്നെ എത്ര പേർ പങ്കെടുക്കും എന്നതെല്ലാം പലരും സംശയത്തോടെ ചോദിച്ചിരുന്നു. എന്നാൽ അതിനുള്ള ഉത്തരമാണ് സംഘാടകർ ഫെബ്രുവരി 3 ന് മഹാമാഘ മഹോത്സവം കൊടിയിറങ്ങുമ്പോൾ നൽകിയിട്ടുള്ളത്. അവസാനത്തെ ഞായറാഴ്ച മാത്രം അഞ്ചു ലക്ഷത്തിലേറെ പേരാണ് പങ്കെടുത്തതെന്ന് സംഘാടകർ പറയുന്നു.
പ്രതിദിനം 500 പേർക്ക് ഭക്ഷണം നൽകേണ്ടി വരും എന്ന് പ്രതീക്ഷിച്ച് ഭക്ഷണത്തിന്റെ ചുമതല പഴയിടം നമ്പൂതിരിക്ക് നൽകിയ സംഘാടകർക്ക് അവസാനമായപ്പോൾ പ്രതിദിനം അമ്പതിനായിരം പേർക്ക് ഭക്ഷണം നൽകേണ്ട ചുമതലയായി. തുടക്കം മുതലേ സർക്കാരിൽ നിന്നും യാതൊരു പിന്തുണയും സംഘാടകർക്ക് ലഭിച്ചിരുന്നില്ല എന്നതാണ് വന്നിരുന്ന വാർത്തകളിൽ നിന്നു മനസിലാക്കേണ്ടത്. പല ഒരുക്കങ്ങളും സർക്കാർ സംവിധാനങ്ങൾ തടസപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ സർക്കാരിന്റെയോ മുൻ നിര രാഷ്ട്രീയ പാർട്ടികളുടേയോ പിന്തുണയില്ലാതെ രണ്ടാഴ്ചയോളം നീണ്ടു നിന്ന ഇത്തരമൊരു പരിപാടിക്ക് ഓരോ ദിവസവും ജനലക്ഷങ്ങൾ ഒഴുകിയെത്താനും എത്തിയ ജനങ്ങളെ യാതൊരു അപകടവും കൂടാതെ മേളയിൽ പങ്കെടുത്ത് ശേഷം തിരികെ അയക്കാനും സംഘാടകർക്കായി എന്നത് വലിയൊരത്ഭുതം തന്നെയാണ്.
നാട്ടുകാർ പാർക്കിംഗ് സൗകര്യം ഒരുക്കിയും താമസസൗകര്യം ലഘു ഭക്ഷണം എന്നിവ ഒരുക്കിയതും സന്ദർശകർക്ക് സഹായകരമായി. അതിൽ നിന്നും മോശമല്ലാത്ത ഒരു വരുമാനം ഈ പ്രദേശത്തുകാർക്ക് രണ്ടാഴ്ച ഉണ്ടായെന്നത് അടുത്ത വർഷം ഈ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും സാധ്യതകളെ പരമാവധി ഉപയോഗിക്കാനും അവരെ പ്രേരിപ്പിക്കുമെന്നുറപ്പാണ്. നമ്മുടെ നാട്ടിലെ ആഘോഷങ്ങൾ, അത് ഏത് മതവിഭാഗത്തിന്റെയോ സമുദായങ്ങളുടേയതോ സംഘടനകളുടേതോ ആവട്ടെ, അതിന് സർക്കാരിന്റെ നല്ല രീതിയിലുള്ള പിന്തുണ ലഭിക്കാറുണ്ട്. സംസ്ഥാനത്തിന്റെ ഒരു പ്രധാന വരുമാന മാർഗം ടൂറിസം കൂടിയായതിനാൽ അത്തരം സംഭവങ്ങൾ മാർക്കറ്റ് ചെയ്ത് കൂടുതൽ പങ്കാളിത്തവും സാമ്പത്തിക വളർച്ചയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാർ പക്ഷേ മഹാമാഘമഹോത്സവത്തിന്റെ സമയത്ത് അത്തരമൊരു പരിപാടി നടക്കുന്നതായേ അറിഞ്ഞില്ല.
സർക്കാർ മാത്രമല്ല ഇവിടുത്തെ പ്രതിപക്ഷ പാർട്ടികളോ അവരുടെ നേതാക്കളോ നേരിട്ട് പങ്കെടുക്കുകയോ സാമൂഹ്യ മാധ്യമത്തിൽ ഒരു പ്രസ്തവാനയെങ്കിലും നടത്തുകയോ ചെയ്തതായി കണ്ടില്ല. പരിപാടി നടക്കുന്ന പ്രദേശത്തെ MLA കെടി ജിലീലോ, MP സമദാനിയോ ഇതേക്കുറിച്ച് യാതൊന്നും പറഞ്ഞില്ല. RSS ഉൾപ്പെടെയുള്ള ഹിന്ദു സംഘടനകൾ നടത്തുന്ന പരിപാടി ആയതിനാൽ ബിജെപിയുടെ സജീവ സാന്നിധ്യം പരിപാടിയിൽ ഉണ്ടായിരുന്നതിൽ അതിശയം തോന്നേണ്ട കാര്യമില്ല. പക്ഷേ ഹിന്ദു സമുദായ നേതാക്കളായ വെള്ളാപ്പള്ളി നടേശനോ സുകുമാരൻ നായരോ ഈ മേളക്ക് യാതൊരു വിധ പിന്തുണയും പരസ്യമായി അറിയിച്ചിരുന്നില്ല. എന്നിട്ടും സംഘാടകർ പ്രതീക്ഷിച്ചതിനേക്കാൾ പതിന്മടങ്ങ് പങ്കാളിത്തം പരിപാടിക്ക് ഉണ്ടായി എന്നതാണ് ഈ മാഘമഹോത്സവത്തെ ശ്രദ്ധേയമാക്കുന്നത്.
കുംഭമേള എന്ന ചടങ്ങിന്റെ പരിധിയിൽ വരുന്നതല്ല ഇതെന്ന് ചിദാനന്ദപുരി ഉൾപ്പെടെയുള്ള സന്യാസിമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ സംഘാടകർ ഇതിനെ മുൻ കാലങ്ങളിൽ നിളാ തീരത്തു നടന്നിരുന്ന മാമാങ്കവുമായി ബന്ധപ്പെടുത്താനാണ് ശ്രമിച്ചത്. ഐതിഹ്യങ്ങളെ കൂട്ടിച്ചേർത്ത് തന്നെയാണ് ഓരോ ആഘോഷവും പുതുതയി ഉണ്ടാവുന്നതെന്നതിൽ തർക്കമില്ല. ഏറെ പ്രശസ്തമായ തൃശ്ശൂർ പൂരത്തിന്റെ ഉത്ഭവ കഥ ഏവർക്കും അറിയാവുന്നതാണല്ലോ.
200 കൊല്ലങ്ങൾക്ക് മുമ്പ് ആറാട്ടുപുഴ പൂരത്തിന് വൈകിയെത്തിയതിനാൽ തൃശ്ശൂരിൽ നിന്നുള്ള ക്ഷേത്രങ്ങളുടെ പൂരങ്ങളെ പങ്കെടുപ്പിക്കാതെ വന്നപ്പോൾ അതിൽ കുപിതരായ തൃശ്ശൂർ നാടുവാഴിയും കുട്ടനെല്ലൂർ നാടുവാഴിയും തൃശ്ശൂരിൽ സ്വന്തമായി പൂരം ആരംഭിക്കുകയായിരുന്നു. പിന്നീട് ഇവർ തമ്മിലും തർക്കം വന്നപ്പോൾ അന്നത്തെ കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ ഇടപെടുകയും സമീപ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് വൻ ജനകീയ ഉത്സവമായി ഇപ്പോൾ കാണുന്ന രീതിയിലേക്ക് തൃശ്ശൂർ പൂരത്തെ വളർത്തുകയുമായിരുന്നു. ഇന്ന് തൃശ്ശൂരിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ ഒരു ഉത്സവമാണ് തൃശ്ശൂർ പൂരം. സർക്കാർ സംവിധാനങ്ങളുടെ കൂടി നിയന്ത്രണത്തോടെയാണ് ഇത് നടത്തപ്പെടുന്നത്.
അതുപോലുള്ള ഒരു ഭാവി മഹാമാഘമേളയ്ക്കും സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് ഇത്തവണ യാതൊരു സർക്കാർ പിന്തുണയുമില്ലാതെ നടത്തിയിട്ടും വിജയകരമായി പരിസമാപിച്ച മേള സൂചിപ്പിക്കുന്നത്. ഇത്തവണ തിരിഞ്ഞു നോക്കാത്തവരെല്ലാം അടുത്ത തവണ ഇതിന്റെ മുൻനിരയിൽ തന്നെ ഉണ്ടായേക്കാം. എന്നാൽ ഈ മേള ഇതുവരെ കേരളം കണ്ടപോലുള്ള ഒന്നാവില്ല എന്നുറപ്പാണ്. ഹിന്ദുത്വ രാഷ്ട്രീയം കൂടി വേരുകൾ ഉറപ്പിക്കുന്നതിന്റെ തുടക്കമായി ഇതിനെ ആശങ്കയോടെ കാണുന്നവരും ഉണ്ട്. പ്രത്യേകിച്ചും രാഷ്ട്രീയ പാർട്ടികൾ മുസ്ലീം പ്രീണനം നടത്തുന്നു എന്ന പരാതി പ്രമുഖ മുന്നണികൾ പരസ്പരം ആരോപിക്കുമ്പോൾ സാംസ്കാരിക മേഖലയിൽ ഹിന്ദുത്വ ആശയങ്ങളുടെ ചുവടുവയ്പു തന്നെയാണ് ഈ മേള എന്ന് പറയേണ്ടി വരും. കാരണം മറ്റു ഉത്സവങ്ങളെപ്പോലെ മതേതരമായ ചടങ്ങുകൾക്കപ്പുറം സന്യാസിമാരും യാഗങ്ങളും പൂജകളും ഒക്കെയാണ് ഇതിന്റെ മുഖങ്ങളെന്നതിനാൽ ഇത് കുറച്ചു കൂടി തീവ്രമായി ഉത്തരേന്ത്യൻ ഹിന്ദുത്വത്തിന്റെ പ്രസരണമാണ് ഇവിടെ നടത്തുന്നത്.
സംഘപരിവാർ സംഘടനകൾ ബാലഗോകുലവും ശോഭായാത്രയും ഗണേശ ചതുർത്ഥിയും ഒക്കെയായി പതിയെ പതിയെ നടത്തി വന്നിരുന്ന പൊതു ഇടങ്ങളിലെ തീവ്ര ഹിന്ദുത്വ അധിനിവേശം അതിന്റെ തീവ്രതയിലേക്ക് വളരെ പെട്ടെന്ന് എത്തുന്ന കാഴ്ചയാണ് മഹാമാഘമേള ബാക്കിയാക്കി വക്കുന്നത്. ഇതിനെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ എങ്ങനെ സമീപിക്കും എന്നതാണ് കാത്തിരിക്കുന്നത്. കാരണം ഇതിനകം തന്നെ സംഘപരിവാറും ബിജെപി യും അവരുടേതാക്കിക്കഴിഞ്ഞ ഈ പരിപാടിയെ ഇനി ചെന്ന് ഏറ്റെടുക്കുക എന്നത് എളുപ്പമല്ല, മറിച്ച് അവഗണിക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ ഇത്ര വലിയ പരിപാടി ഭൂരിപക്ഷ മതവിഭാഗത്തിന്റേതായി നടന്നിട്ടും തിരിഞ്ഞു നോക്കാതിരിക്കുന്നത് സംഘടിത ന്യൂനപക്ഷങ്ങളെ ഭയന്നാണെന്ന പ്രചരണം വരികയും ബിജെപി അത് കൃത്യമായി മുതലെടുക്കുകയും ചെയ്യും. ഇപ്പോൾ തന്നെ തീവ്ര ഹിന്ദുവിഭാഗത്തിന്റെ നല്ലൊരു പിന്തുണ ഈ മേളക്ക് ലഭിച്ചിട്ടുണ്ട്. അത് സാധാരണ ഹിന്ദുക്കളേയും അതിലേക്ക് ആകർഷിക്കാൻ ഇടയാക്കാനിടയുണ്ട്. ആ അർത്ഥത്തിൽ നോക്കിയാൽ കേരളത്തിന്റെ ആത്മീയ മേഖലയെ അല്ല രാഷ്ട്രീയ മേഖലയെക്കൂടി കലക്കി മറിച്ചിരിക്കുന്ന സംഭവമായി മാറിയിരിക്കുകയാണ് മഹാമാഘം. ആ കലക്ക വെള്ളത്തിൽ ആരൊക്കെ മീൻ പിടിക്കുമെന്ന് കാത്തിരുന്ന് കാണാം.















































