ഭോപ്പാൽ: അമിത സിങ് തോമർ എന്ന സർക്കാർ ഉദ്യോഗസ്ഥയെ രാജ്യം അറിഞ്ഞത് ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ അവതരിപ്പിച്ച ‘കോൻ ബനേഗാ ക്രോർപതി’ എന്ന പരിപാടിയിലൂടെയാണ്. 2019ൽ ‘കോൻ ബനേഗാ ക്രോർപതിയിൽ’ പങ്കെടുത്ത് 50 ലക്ഷം രൂപയാണ് തഹസിൽദാർ ആയ അമിത സമ്മാനമായി അന്ന് നേടിയത്.
അന്നു ദേശീയ ശ്രദ്ധനേടിയ മുൻ സർക്കാർ ഉദ്യോഗസ്ഥ ഇന്ന് അഴിമതിക്കേസിൽ അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശിയായ അമിത സിങ് തോമർ ആണ് പ്രളയദുരിതാശ്വാസ നിധിയിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ അറസ്റ്റിലായത്. ഷോപ്പുർ ജില്ലയിലെ വിജയപ്പുരിൽ തഹസിൽദാറായിരുന്നു തോമർ. 2021ലെ പ്രളയവുമായി ബന്ധപ്പെട്ട് ദുരന്തബാധിതർക്ക് നഷ്ടപരിഹാരം നൽകാനായി പിരിച്ച ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് കേസ്. 2.57 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. ബറോഡയിൽ 794 പേരെയാണ് ദുരന്തബാധിതരായി സർക്കാർ കണ്ടെത്തിയത്. എന്നാൽ പണം യഥാർഥ ഗുണഭോക്താക്കൾക്ക് എത്താതെ മറ്റുള്ളവർക്ക് നൽകി എന്നാണ് കണ്ടെത്തൽ. 127 വ്യാജ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വഴിമാറ്റി എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഇത് യാദൃച്ഛികമല്ലെന്നും വലിയ ഗൂഢാലോചനയുടെ ഭാഗമായി സംഭവിച്ചതാണെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പണമെത്തിയ അക്കൗണ്ടുകളിൽ തോമറിന്റെ കുടുംബാംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്യൽ തുടങ്ങിയവയ്ക്ക് അഴിമതി നിരോധന നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം കുറ്റം ചുമത്തി ബറോഡ പോലീസാണ് കേസെടുത്തത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഷിയോപുർ പോലീസ് സൂപ്രണ്ട് സുധീർ കുമാർ അഗർവാൾ പറഞ്ഞു. ഗ്വാളിയാറിലെ വസതിയിൽ നിന്നാണ് അമിതയെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് അവരെ ശിവ്പുരിയിലെ വനിതാ ജയിലിലേക്ക് മാറ്റി.















































