തിരുവനന്തപുരം : സീറ്റു വിഭജനം സംബന്ധിച്ച് അന്തിമ ധാരണയിലെത്താനുള്ള ഇടതുമുന്നണി നിർണായക യോഗം ഇന്ന് ചേരും. പതിമൂന്ന് സീറ്റുവേണമെന്ന കേരളാ കോൺഗ്രസ്സിന്റെ നിലവിലെ ആവശ്യം പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയ്ക്ക് എകെജി സെന്ററിലാണ് യോഗം ചേരുന്നത്.
ഇടതുമുന്നണി നിർണായക യോഗത്തിനു മുൻപ് സിപിഎഎം സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ചേരും. ജില്ലാസെക്രട്ടറിയേറ്റുകൾ കൈമാറിയ സ്ഥാനാർത്ഥി പട്ടികയിൽ തിരുത്തലുകൾ വേണോ, പൊതു സ്വതന്ത്രരായി ആരെയൊക്കെ നിർത്തണം എന്ന കാര്യത്തിലുമെല്ലാം അന്തിമ തീരുമാനമുണ്ടായേക്കും. നിലവിൽ തർക്കം നിലനിൽക്കുന്ന പല സീറ്റുകളുമുണ്ട്. ഉടുമ്പൻ ചോലയിൽ എംഎം മണിയെ നിർത്തണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പറയുമ്പോൾ അതിനോട് വിയോജിപ്പാണ് ജില്ലാ നേതൃത്വത്തിനുള്ളത്. അതുപോലെ കെകെ ശൈലജയെ പേരാവൂരിലെ സ്ഥാനാർത്ഥിത്വം, എസി മൊയ്തീന്റെയും കെടി ജലീലിന്റെയും മത്സരയിടങ്ങൾ എന്നിവയെക്കുറിച്ചെല്ലാമുള്ള പുനരാലോചനകളും തീരുമാനങ്ങളും ഇന്നുണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
സിപിഐയുടെയും സെക്രട്ടറിയേറ്റ് , എക്സിക്യൂട്ടീവ് യോഗങ്ങളും ഇന്ന് നടക്കും.














































