കോട്ടയം: ഗവ. കോളേജ് ഒഫ് നഴ്‌സിങ് ഹോസ്റ്റലിൽ ഒന്നാംവർഷ വിദ്യാർഥികൾ നേരിട്ടത് സമാനതകളില്ലാത്ത അതിക്രൂരമായ റാഗിങ്. മൂന്നാംവർഷ ജനറൽ നഴ്‌സിങ് വിദ്യാർഥികളായ അഞ്ചുപേരാണ് ഒന്നാംവർഷ വിദ്യാർഥികളെ കഴിഞ്ഞ മൂന്നുമാസമായി ക്രൂരമായ റാഗിങ്ങിനിരയാക്കിയത്. വിദ്യാർഥികളെ നഗ്നരാക്കി ഡിവൈഡർ കൊണ്ട് മുറിവുണ്ടാക്കുകയും നിലവിളിക്കുമ്പോൾ വായിൽ ക്രീം തേച്ചുപിടിപ്പിക്കുകയും ചെയ്തതായാണ് പോലീസ് പറയുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതികളുടെ മൊബൈലിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നഴ്‌സിങ് കോളേജിലെ ജനറൽ നഴ്‌സിങ് സീനിയർ വിദ്യാർഥികളായ കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്(22), വയനാട് നടവയൽ സ്വദേശി ജീവ(20), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജിൽ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരെയാണ് റാഗിങ് കേസിൽ ഗാന്ധിനഗർ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറിൽ ഒന്നാംവർഷ വിദ്യാർഥികൾക്ക് ക്ലാസ് ആരംഭിച്ചതുമുതൽ പ്രതികൾ ഇവരെ ക്രൂരമായി റാഗിങ്ങിന് വിധേയരാക്കിയെന്നാണ് വിവരം. ഒന്നാംവർഷ ജനറൽ നഴ്‌സിങ് ക്ലാസിൽ ആറ് ആൺകുട്ടികളാണുണ്ടായിരുന്നത്. ഇവരെല്ലാം പ്രതികളുടെ റാഗിങ്ങിനിരയായി.
പോലീസ് എഫ്ഐആറിൽ പറയുന്നതിങ്ങനെ: കഴിഞ്ഞ നവംബർ 16-ാം തീയതി പ്രതികൾ ഒന്നാംവർഷ വിദ്യാർഥിയിൽനിന്ന് 300 രൂപ ഗൂഗിൾ പേ വഴിയും 500 രൂപ നേരിട്ടും ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നു. തുടർന്ന് ഒന്നാംവർഷ വിദ്യാർഥികൾ ഹോസ്റ്റൽ മുറിയിൽ ഇരിക്കുന്നതിനിടെ പ്രതികൾ ഇവിടേക്കെത്തുകയും ‘സീനിയേഴ്‌സിനെ ബഹുമാനമില്ല’ എന്നുപറഞ്ഞ് വിദ്യാർഥികളിലൊരാളുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
കഴിഞ്ഞ ഡിസംബർ 13 ന് ഒന്നാംവർഷ വിദ്യാർഥിക്ക് പ്രതികളിൽനിന്ന് ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരപീഡനം. അന്നേദിവസം അർധരാത്രി പ്രതികൾ ഒന്നാംവർഷ വിദ്യാർഥിയുടെ മുറിയിലെത്തി കൈ- കാലുകൾ തോർത്തുകൊണ്ട് കെട്ടിയിട്ടു. തുടർന്ന് ദേഹം മുഴുവൻ ലോഷൻ ഒഴിച്ചശേഷം ശരീരമാസകലം ഡിവൈഡർ കൊണ്ട് കുത്തി മുറിവേൽപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ മുറിയിലുണ്ടായിരുന്ന മറ്റൊരു ഒന്നാംവർഷ വിദ്യാർഥിയോട് മൊബൈലിൽ പകർത്താൻ ആവശ്യപ്പെട്ടു.
കൂടാതെ പ്രതികൾ സ്ഥിരമായി പരാതിക്കാരായ വിദ്യാർഥികളിൽ നിന്ന് പണം പിരിച്ചിരുന്നു. പണം തരാൻ പറ്റില്ലെന്ന് പറഞ്ഞതോടെ ഇവർ ജൂനിയർ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. പ്രതികളുടെ മുറിയിലേക്ക് വിളിച്ചുവരുത്തി മുട്ടുകുത്തി നിലത്തുനിർത്തിയ ശേഷമാണ് കരണത്തടക്കം ക്രൂരമായി മർദിച്ചതെന്നും പോലീസ് പറയുന്നു. മാത്രമല്ല ഒന്നാംവർഷ വിദ്യാർഥികളുടെ സ്വകാര്യഭാഗത്ത് ഡംബൽ കെട്ടിത്തൂക്കിയും പ്രതികൾ ക്രൂരമായി ഉപദ്രവിച്ചിരുന്നു. മദ്യപിക്കാനായാണ് പ്രതികൾ ജൂനിയർ വിദ്യാർഥികളിൽനിന്ന് ഊഴമിട്ട് പണം പിരിച്ചെടുത്തിരുന്നത്. സീനിയേഴ്‌സിനെ പേടിച്ച് വിദ്യാർഥികൾ പണം നൽകുകയായിരുന്നു. അതേസമയം, പ്രതികൾ ജൂനിയർ വിദ്യാർഥികളെ ക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങൾ പ്രതികളുടെ മൊബൈലുകളിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.