കൊച്ചി: മെട്രോറെയിലിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി വിദേശവായ്പയെടുക്കാൻ സംസ്ഥാന സർക്കാരിൻ്റെ അനുമതി നല്കി. ബെയ്ജിങ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ബാങ്കിൽ നിന്നാണ് വായ്പയെടുക്കുന്നത്. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ട പാത നിർമ്മാണത്തിനായി 1,016.24 കോടി രൂപ വായ്പയെടുക്കുന്നതിനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് സർക്കാർ നൽകിയത്. എ.ഐ.ഐ.ബി.യുമായുള്ള വായ്പാ കരാറിലും പദ്ധതി കരാറിലും ഏർപ്പെടുന്നതിനും കെ.എം.ആർ.എല്ലിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
രണ്ടാംഘട്ടം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. അഞ്ചുവർഷത്തെ ഇളവോടെ 25 വർഷത്തെ കാലാവധിയിലാകും വായ്പ ലഭ്യമാക്കുക. വായ്പ ലഭ്യമാക്കുന്നതിനും വായ്പ കരാർ, പ്രോജക്ട് കരാർ എന്നിവ ഒപ്പുവയ്ക്കാനും മന്ത്രിസഭ അനുമതിയായതോടെ തുടർ നടപടികൾ വേഗത്തിലാക്കും. അദ്ദേഹം പറഞ്ഞു.
മെട്രോയുടെ ആദ്യഘട്ട നിർമ്മാണത്തിന് ഫ്രഞ്ച് വികസന ഏജൻസിയാണ് വായ്പ നൽകിയത്. രണ്ടാംഘട്ടത്തിനും ഇവർ വായ്പ വാഗ്ദാനം ചെയ്തു. രണ്ടാംഘട്ടത്തിൻ്റെ നിർമാണം തുടങ്ങാൻ വൈകിയതോടെ ഇവർ പിൻമാറി. പിന്നീടാണ് എ.ഐ.ഐ.ബി.യുമായി ധാരണയിലെത്തുന്നത്.
രണ്ടാംഘട്ടത്തിൻ്റെ നിർമ്മാണത്തിന് വായ്പയ്ക്കാവശ്യമായ നടപടിക്രമങ്ങൾ 2023-ൽ തുടങ്ങിയതാണ്. എ.ഐ.ഐ.ബി.യിൽ നിന്ന് വായ്പയ്ക്ക് കെ.എം.ആർ.എൽ. ഡയറക്ടർ ബോർഡിൻ്റെ അനുമതി ലഭിച്ചശേഷം അംഗീകാരത്തിനായി കഴിഞ്ഞവർഷം ആദ്യം സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ, നടപടി നീണ്ടു പോവുകയായിരുന്നു.
11.2 കിലോമീറ്റർ വരുന്ന രണ്ടാംഘട്ടത്തിൻ്റെ നിർമ്മാണത്തിന് 1,957 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. 2019-ലെ പദ്ധതി രൂപരേഖയനുസരിച്ചുള്ള കണക്കാണിത്. പദ്ധതിയിൽ കേന്ദ്രത്തിൻ്റെ വിഹിതമായി 339 കോടി രൂപയും സംസ്ഥാന സർക്കാരിൻ്റേതായി 556 കോടി രൂപയുമാണ് കണക്കാക്കിയിരിക്കുന്നത്. ശേഷിക്കുന്ന പൊതു തുക-സ്വകാര്യ പങ്കാളിത്തത്തോടെ കണ്ടെത്തുമെന്ന് പ്രഖ്യാപനം. 2023 നവംബറിലാണ് രണ്ടാംഘട്ടത്തിന് കേന്ദ്രസർക്കാരിൻ്റെ അനുമതി ലഭിച്ചത്. 2024 ജൂൺ നിർമാണകരാർ നൽകി. സെപ്റ്റംബറിൽ നിർമ്മാണം തുടങ്ങി.















































