കൊച്ചി: കോർപ്പറേഷനിൽ ഒന്നാംഘട്ട സ്ഥാനാർഥി ലിസ്റ്റ് ഇറക്കി യുഡിഎഫ്. 40 സ്ഥാനാർഥികളുടെ ലിസ്റ്റാണ് ആദ്യഘട്ടത്തിൽ പുറത്തുവിട്ടത്. നിലവിലെ കൗൺസിലിൽ യുഡിഎഫിനെ നയിക്കുന്ന പ്രമുഖ നേതാക്കളെല്ലാം ലിസ്റ്റിലുണ്ട്. ഇടതുമുന്നണിയുടെ ആദ്യഘട്ട സ്ഥാനാർഥി ലിസ്റ്റ് പൂർത്തിയാവുകയും സ്ഥാനാർഥികൾ പല ഡിവിഷനിലും രംഗത്തിറങ്ങുകയും ചെയ്തെങ്കിലും ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല.
പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ (ഐലൻഡ് നോർത്ത്-9), പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ (കലൂർ സൗത്ത്-16), മേയർ സ്ഥാനാർഥിയായേക്കാവുന്ന കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് (സ്റ്റേഡിയം-34), മുൻ കൗൺസിലർ ഷൈനി മാത്യു, മുൻ കൗൺസിലർമാരായ ആന്റണി പൈനുതറ, കെ.വി.പി. കൃഷ്ണകുമാർ, ദീപക് ജോയ്, വി.ആർ. സുധീർ, കെ.എക്സ്. ഫ്രാൻസിസ് തുടങ്ങി പ്രധാനികളെല്ലാം ആദ്യ ലിസ്റ്റിലുണ്ട്.
മുൻ കൗൺസിലർമാരായ മൂന്നു വനിതകളെ കോൺഗ്രസ് ഇക്കുറി ജനറൽ സീറ്റിൽ മത്സരിപ്പിക്കുന്നുണ്ട്. ദീപ്തി മേരി വർഗീസ്, ഷൈല തദേവസ് (മൂലങ്കുഴി-71), സീന ഗോകുലൻ (പുതുക്കലവട്ടം-27) എന്നിവരെയാണ് നിലവിലെ അവരുടെ സീറ്റിൽ ജനറൽ കാറ്റഗറിയിൽ മത്സരിപ്പിക്കുന്നത്.

















































