തിരുവനന്തപുരം: സഹകരണ വകുപ്പിൽ വൻ സാമ്പത്തിക ക്രമക്കേടിന് വഴിവെക്കുന്ന തീരുമാനങ്ങളാണ് സർക്കാർ എടുത്തുകൊണ്ടിരിക്കുന്നതെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല രംഗത്ത്. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായി ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനം ഒരുക്കാനുള്ള പദ്ധതി, പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന് (ടിസിഎസ്) നൽകാനിരുന്ന കരാർ റദ്ദാക്കി, മുൻപരിചയമില്ലാത്ത സഹകരണ സംഘങ്ങൾക്ക് കൈമാറാൻ നീക്കം നടക്കുന്നതായാണ് ആരോപണം.
4415 പ്രാഥമിക സഹകരണ സംഘങ്ങളിൽ സോഫ്റ്റ്‌വെയർ നടപ്പാക്കുന്നതിനായി 206 കോടി രൂപയ്ക്കുള്ള ടിസിഎസ് കരാർ ദുരൂഹ സാഹചര്യത്തിൽ റദ്ദാക്കിയതായി ചെന്നിത്തല പറഞ്ഞു. തുടർന്ന് പുതുക്കിയ നിബന്ധനകളോടെ വിളിച്ച ടെൻഡറിൽ സിപിഎം നിയന്ത്രണത്തിലുള്ള കണ്ണൂരിലെ രണ്ട് സഹകരണ സംഘങ്ങൾ മാത്രമാണ് പങ്കെടുത്തത്—കേരള ദിനേശ് ബീഡി വർക്കേഴ്സ് സെൻട്രൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും മലബാർ ഇൻഫർമേഷൻ ടെക്നോളജി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും.
ഇവയിൽ ദിനേശ് ബീഡി സഹകരണ സംഘം 280 സംഘങ്ങൾക്ക് സോഫ്റ്റ്‌വെയർ നൽകുന്നതിനായി 58 കോടി രൂപയുടെ ബിഡ് സമർപ്പിച്ചതാണ് സർക്കാർ പരിഗണിക്കുന്നത്. ഇതേ നിരക്കിൽ 4415 സംഘങ്ങളിൽ പദ്ധതി നടപ്പാക്കിയാൽ ഏകദേശം 914 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. 206 കോടി രൂപയ്ക്ക് ടിസിഎസ് നിർവഹിക്കാമായിരുന്ന പദ്ധതി നാലിരട്ടിയിലേറെ ചെലവിൽ പരിചയമില്ലാത്ത സ്ഥാപനത്തിന് നൽകുന്നത് ഖജനാവിന് 700 കോടിയിലേറെ നഷ്ടമുണ്ടാക്കുമെന്ന് ചെന്നിത്തല ആരോപിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായിരിക്കുകയാണെന്നും, നിലവിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ ഉള്ളതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതിയോടെ ടെൻഡർ അനുവദിക്കാൻ നീക്കമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
















































