തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രിക്കു പിൻതുണയുമായെത്തിയ ഭരണപക്ഷാംഗം പി.പി. ചിത്തരഞ്ജൻ എംഎൽഎയോട് ക്ഷോഭിച്ച് സ്പീക്കർ എ.എൻ. ഷംസീർ. നിയമസഭയിൽ ചോദിക്കാനുള്ള ചോദ്യം വലിച്ചു നീട്ടിയതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. ചെയറിനോട് വിനയത്തോടെ പെരുമാറണമെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു.
ചോദ്യോത്തരവേളയിൽ ചോദ്യം വലിച്ചു നീട്ടി വ്യവസായ രംഗത്തെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴാണ് സ്പീക്കർക്ക് എംഎൽഎയെ കാര്യങ്ങൾ ഓർമ്മിപ്പിക്കേണ്ടി വന്നത്. എന്നാൽ ‘പറയേണ്ട കാര്യം പറയാതെ പോകാൻ പറ്റില്ല’ എന്ന് ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. ‘അങ്ങനെ പറഞ്ഞാൽ ചോദ്യത്തിന്റെ സമയം പോകും. പറയാതെ ഒക്കില്ലെന്ന് എങ്ങനെയാണ് പറയാ? അങ്ങനെയാണോ സംസാരിക്കുക’ എന്ന് സ്പീക്കർ ചോദിച്ചു.
ഈ സമയം വിദ്യാഭ്യാസ മന്ത്രിക്കെതിരേ നടന്ന അധിക്ഷേപത്തെ ഒരു വാക്കുപറയാതെ പോകാൻ കഴിയില്ല. അതുകൊണ്ടാണ് പറയുന്നതെന്ന് ചിത്തരഞ്ജൻ തിരിച്ചു പറഞ്ഞു. അത് ചോദ്യത്തിൽ അല്ല പറയേണ്ടത് എന്ന് സ്പീക്കർ തിരിച്ചു ക്ഷോഭിച്ചു.

















































