പെരുമ്പാവൂർ: പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ ട്വൻ്റി-20 സ്ഥാനാർഥി നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിലില്ല. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് ലക്ഷ്മിപ്രിയ ഇപ്പോൾ താമസിക്കുന്നതെങ്കിലും അവിടുത്തെ വോട്ടർ പട്ടികയിലും ഇവരുടെ പേരില്ലെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് ബുധനാഴ്ച പെരുമ്പാവൂർ മണ്ഡലത്തിൽ നിശ്ചയിച്ചിരുന്ന റോഡ് ഷോ അവസാന നിമിഷം റദ്ദാക്കി.
ട്വന്റി-20 റോഡ് ഷോയ്ക്കായി വലിയ രീതിയിലുള്ള ഫ്ലക്സുകളും കമാനങ്ങളും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും സജ്ജമാക്കിയിരുന്നു. പിന്നാലെ ഉദ്ഘാടനം ചെയ്യാനായി കേന്ദ്രസഹമന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ വേദിയിലെത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന കാര്യം പാർട്ടി അറിയുന്നതുതന്നെ.
ഇതോടെ പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ കാരണം സ്ഥാനാർഥിയെ ആശുപത്രിയിലേക്ക് മാറ്റിയതിനാലാണ് റോഡ് ഷോയിൽ പങ്കെടുക്കാത്തതെന്ന് പെരുമ്പാവൂർ എൻഡിഎ വിശദീകരണം നൽകി. സ്ഥാനാർഥിയുടെ അഭാവത്തിൽ റോഡ് ഷോയ്ക്ക് പകരം കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി പരിപാടി അവസാനിപ്പിച്ചു.
അതേസമയം വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചാൽ അത് തള്ളിപ്പോകുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. ലക്ഷ്മിപ്രിയയ്ക്ക് പകരമായി പെരുമ്പാവൂരിൽ പുതിയൊരു സ്ഥാനാർഥിയെ കണ്ടെത്തുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും പാർട്ടി ഇതുവരെ പുറത്തുവിട്ടിട്ടില്ല. സെലിബ്രിറ്റികളെയും ടെലിവിഷൻ താരങ്ങളെയും ഉൾപ്പെടുത്തി സാബു ജേക്കബ് ഇന്നലെയാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്.

















































