ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദാന്തരീക്ഷം ഒരുക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന പദവിക്കു പുറമേ, വിദ്യാഭ്യാസ രംഗത്തും കേരളത്തെ പ്രശംസിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നീതി ആയോഗ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനായി കൂടുതല്‍ പണം ചിലവിടുന്നതിനൊപ്പം വിദ്യാഭ്യാസത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ അവസരം ഒരുക്കുന്നതും കേരളമാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ സംസ്ഥാനവും വിദ്യാഭ്യാസത്തിനായി സമീപിക്കുന്ന രീതിയെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണു പുറത്തുവിട്ടിരിക്കുന്നത്. ഇതു നിതീ ആയോഗിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
എന്നാല്‍, രാജ്യത്ത് വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍ മുതല്‍മുടക്കിനെക്കുറിച്ചുളള ആശങ്കകളും റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നുണ്ട്. പതിനാലാം ധനകാര്യ കമ്മീഷന്‍ നിര്‍ദേശത്തില്‍നിന്ന് വ്യത്യസ്തമായി 32 ശതമാനത്തില്‍നിന്ന് 42% ആയി ഉയര്‍ത്തിയിട്ടും ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരത്തില്‍ കാര്യമായ ഉയര്‍ച്ചയുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ചെലവിലെ വര്‍ധനയും സംസ്ഥാനങ്ങള്‍ നീക്കി വയ്ക്കുന്ന തുകയും തമ്മിലുള്ള താരതമ്യവും ഇതിലുണ്ട്.
ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ചെലവ് ശരാശരി 2174 രൂപയില്‍നിന്ന് 4921 രൂപയായി ഉയര്‍ന്നിട്ടുണ്ട്. 2022ലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് പോളിസി അനുസരിച്ചു കേരളവും തെലങ്കാനയുമാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കുന്നത്. 18 നും 23നും ഇടയില്‍ പ്രായമുള്ളവരുടെ കണക്കാണ് ഇത്. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ തൊട്ടു പിന്നിലുണ്ട്.
കേരളം വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന മുതല്‍ മുടക്ക് നോക്കിയാല്‍ ആകെയുള്ള 3.46 ശതമാനം ഗ്രോസ് സ്‌റ്റേറ്റ് ഡൊമസ്റ്റിക് പ്രൊഡക്ടില്‍നിന്ന് 0.53 ശതമാനം ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കു നല്‍കുന്നു. കേരളത്തിന്റെ ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോയെക്കുറിച്ചും നിതി ആയോഗ് പ്രശംസിക്കുന്നു. ദേശീയ ശരാശരി ഇക്കാര്യത്തില്‍ 28.4 ശതമാനമാണെങ്കില്‍ കേളത്തിന്റേത് ഇതു 41.3 ശതമാനമാണ്. തമിഴ്‌നാടാണ് ഇക്കാര്യത്തില്‍ മുന്നില്‍- 47 ശതമാനം. യൂണിവേഴ്‌സിറ്റികളുടെ എണ്ണം കൂടുന്നതുകൊണ്ട് പ്രവേശനം നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നില്ലെന്നും നിലവിലെ സാഹചര്യങ്ങള്‍ സൗകര്യപൂര്‍വം ഉപയോഗിക്കുന്നതിലാണു കാര്യമെന്നും കേരളത്തിന്റെ നേട്ടം ചൂണ്ടിക്കാട്ടി നിതീ ആയോഗ് പ്രശംസിക്കുന്നു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്തുന്ന സ്ത്രീ-പുരുഷ അനുപാതത്തിലും കേരളം മുന്നിലാണ്. രാജ്യത്തിന്റെ ശരാശരി 1.01 ആണെങ്കില്‍ കേരളത്തിന് ഇത് 1.44 ആണ്. ആണ്‍കുട്ടികളെക്കാള്‍ കേരളത്തില്‍ പെണ്‍കുട്ടികളാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എത്തുന്നത്. കേരളത്തിനു പിന്നാലെ ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ് എന്നിവയും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു മുന്‍ഗണന നല്‍കുന്നുണ്ട്. സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതില്‍ മാതൃകയാക്കാവുന്നതാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടൊപ്പം കേരളത്തിന്റെ ഡിജിറ്റല്‍ ലേണിംഗിനെക്കുറിച്ചും പ്രശംസയുണ്ട്. കേരള സ്‌റ്റേറ്റ് ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍, ഡിജിറ്റല്‍ യൂണിവേഴ്‌സി എന്നിവയുടെ സഹകരണമാണ് ഈ നേട്ടത്തിനു പിന്നില്‍. സാങ്കേതികാടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ അഭിരുചി വളര്‍ത്തുന്ന ഡിജികോള്‍ ഇന്‍ഷ്യേറ്റീവിനും റിപ്പോര്‍ട്ടില്‍ പ്രശംസയുണ്ട്.