ബെംഗളൂരു: കർണാടക ഭൂമി കുംഭകോണത്തിൽ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും ഭാര്യ അഞ്ജലി രാജീവ് ചന്ദ്രശേഖറിനും ഭാര്യാപിതാവ് അജിത് ഗോപാൽ നമ്പ്യാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പരാതിക്കാരനായ ഡൽഹി ഹൈക്കോടതി അഭിഭാഷകൻ കെ എൻ ജഗദേഷ് കുമാർ. ബിസിനസിനും ഫാക്ടറികൾക്കും മറ്റും സഹായിക്കുന്ന കെഐഎഡിബി (കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡവലപ്മെന്റ് ബോർഡ്)യിൽ നിന്നുമെടുത്ത ഭൂമി വിറ്റ് 500 കോടിയോളം രാജീവ് ചന്ദ്രശേഖറും കുടുംബവും തട്ടിയെടുത്തെന്നാണ് പരാതി. ഇതിനു ഒത്താശ ചെയ്തത് ബിജെപി മന്ത്രിയാണെന്നുമാണ് അഭിഭാഷകന്റെ ആരോപണം. 1994ൽരാജീവ് ചന്ദ്രശേഖരിന്റെ കുടുംബത്തിന് കെഐഎഡിബി വഴി ലഭിച്ച ഭൂമി മുറിച്ച് മാരുതി സുസുക്കി അടക്കമുള്ള കമ്പനികൾക്ക് വലിയ തുകയ്ക്ക് വിറ്റാണ് 500 കോടിയുടെ ലാഭമുണ്ടാക്കിയതെന്ന ആരോപണമാണ് പരാതിക്കാരൻ ഉന്നയിക്കുന്നത്.
ഇതുകാണിക്കു അഭിഭാഷകൻ സുപ്രീംകോടതിയിലും കർണാട ഹൈക്കോടതിയിലും പരാതി നൽകി. എസ്ഐടി അന്വേഷണം നടത്തണമെന്നും ഭൂമി തിരിച്ചുപിടിക്കണമെന്നും ജഗദീഷ് പരാതിയിൽ ആവശ്യപ്പെട്ടു. തനിക്ക് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ജഗദീഷ് പറഞ്ഞു. പരാതി പ്രകാരം കർണാടക സർക്കാർ പാട്ടത്തിന് കൊടുത്ത ഭൂമിയാണ് രാജീവ് ചന്ദ്രശേഖർ മറിച്ചുവിറ്റത്. ഭൂമി അനുവദിച്ചത് ബിപിഎല്ലിന് ഫാക്ടറി നിർമിക്കാനായിരുന്നു. എന്നാൽ ഒന്നും തുടങ്ങാതെ ഭൂമി മറിച്ച് വിൽക്കുകയായിരുന്നു. 313.9 കോടി രൂപയുടെ ഭൂമിയാണ് ആകെ വിറ്റത്. ഇതിൽ 175 ഏക്കർ കൃഷി ഭൂമിയാണ് വിറ്റത്.
ബിപിഎൽ ഫാക്ടറി നിർമിക്കാൻ വേണ്ടിയാണ് രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും പിതാവും ഭൂമി വാങ്ങിയത്. ഇതിൽ ഭാര്യയും ഭാര്യപിതാവും ഇതിന്റെ ഡയറക്ടർമാരായി. കെഐഎഡിബി കരാർ പ്രകാരം മൂന്ന് മാസത്തിനകം പ്ലാൻ നൽകുമെന്നും പ്രവർത്തനങ്ങൾ തുടങ്ങുമെന്നും പറഞ്ഞു. എന്നാൽ 14 വർഷങ്ങൾക്ക് ശേഷവും അതിലൊരു ഇഷ്ടിക പോലും അവർ വച്ചിട്ടില്ല. പദ്ധതി പ്രകാരം അവർ 6 കോടി നിക്ഷേപം നടത്തി. 2009ൽ ഇത് മാരുതി കമ്പനി അടക്കമുള്ള വൻകിട കമ്പനികൾക്ക് മറിച്ചു വിറ്റു’, ജഗദേഷ് കുമാർ ആരോപിച്ചു.
അത്തരത്തിൽ അവർ കർഷകരെയും കെഐഎഡിബിയെയും പറ്റിച്ചെന്നും 2009ലെ ബിജെപി മന്ത്രി കട്ട സുബ്രഹ്മണ്യ നായ്ഡു ഈ ഭൂമി വിൽക്കാൻ ഇവർക്ക് അനുമതി നൽകി. തട്ടിപ്പിൽ വൻ ഗൂഢാലോചന നടന്നെന്നും അദ്ദേഹം പറഞ്ഞു. ‘കർഷകർക്ക് വേണ്ടിയാണ് ഞാൻ പോരാടുന്നത്. വലിയ ചതിയാണ് നടന്നത്. നിയമവിരുദ്ധമായി അവർ പണം കൈക്കലാക്കി. ഇതിൽ മന്ത്രിമാർ ഉൾപ്പെട്ടു. കർഷകർക്ക് ഒരു ഏക്കറിന് ഒരു ലക്ഷം എന്ന രീതിയിലാണ് ലഭിച്ചത്. ബിജെപി നേതാക്കൾക്കും ഈ തട്ടിപ്പിൽ പങ്കുണ്ട്. രാജീവ് ചന്ദ്രശേഖറിന് ഇതിനെക്കുറിച്ച് നല്ല അറിവുണ്ട്. പക്ഷേ അത് കാര്യമാക്കിയില്ല’, അദ്ദേഹം പറഞ്ഞു. പരാതി നൽകിയതിന് ശേഷം ഭീഷണി നേരിടുന്നുണ്ടെന്നും ജഗദേഷ് കുമാർ പറഞ്ഞു.
അതുപോലെ നാളിതുവരെ മാറി മാറി വന്ന സർക്കാരുകൾ അഴിമതിയ്ക്ക് കൂട്ട് നിന്നെന്നും അദ്ദേഹം ആരോപിക്കുന്നു. നിയമവിരുദ്ധമായി ഭൂമി ഏറ്റെടുത്ത് വലിയ ലാഭം ഉണ്ടാക്കി. ഭൂമി വിൽക്കുന്നതിന് മുൻപ് ഭൂമി ബാങ്കിൽ പണയം വെച്ചു. രാജീവ് ചന്ദ്രശേഖറിനെതിരെ പോകരുതെന്ന് പലരും പറഞ്ഞെന്നും ഒന്നിനെയും പേടിയില്ലെന്നും ജഗദേഷ് പറഞ്ഞു. രാജീവ് ചന്ദ്രശേഖറും കുടുംബവും കർണാടകത്തിൽ നടത്തിയ തട്ടിപ്പ് കേരളത്തിലെ ജനങ്ങൾ അറിയണം. നിലമംഗലയിലെ ഭൂമി ലീസിനാണ് നൽകിയത്. ഫാക്ടറി കെട്ടുമെന്നും തൊഴിൽ നൽകുമെന്നുമായിരുന്നു വാഗ്ദാനം. രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കുംഭകോണം സംഭന്ധിച്ചു സുപ്രീം കോടതി, കർണാടക ഹൈക്കോടതി, സിബിഐ, ഇഡി, കർണാടക മുഖ്യമന്ത്രി, വ്യവസായ മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി തുടങ്ങിയവർക്കാണ് ജദഗേഷ് പരാതി നൽകിയിരിക്കുന്നത്. ബിപിഎൽ ഇന്ത്യ ലിമിറ്റഡ്, അജിത് ഗോപാൽ നമ്പ്യാർ, അഞ്ജലി രാജീവ് ചന്ദ്രശേഖർ, രാജീവ് ചന്ദ്രശേഖർ, മുൻ മന്ത്രി കട്ട സുബ്രഹ്മണ്യ നായ്ഡു എന്നിവർക്കെതിരെയാണ് പരാതി.
ബിപിഎൽ കളർ ടിവികൾ നിർമിക്കാൻ നേള മംഗളയിലെ കർഷകരിൽ നിന്നുമുള്ള ഭൂമി കെഐഎഡിബി (കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡവലപ്മെന്റ് ബോർഡ്) 175 ഏക്കറുകൾ അഞ്ജലി രാജീവ് ചന്ദ്രശേഖരിനും അജിത് ഗോപാൽ നമ്പ്യാർക്കും 1995 ഏപ്രിൽ ഏഴിന് നൽകി. കർഷകർക്ക് ഒരു ഏക്കറിന് 1.1 ലക്ഷം എന്ന നിലയിലാണ് നഷ്ടപരിഹാരം നൽകിയത്. 1995 മെയ് 23ന് കെഐഎഡിബി 149 ഏക്കറിന് ബിപിഎൽ ഇന്ത്യ ലിമിറ്റഡിന് പൊസിഷൻ സർട്ടിഫിക്കറ്റ് നൽകുന്നു. എന്നാൽ 2004 വരെ അജിത് ഗോപാൽ നമ്പ്യാരും അഞ്ജലിയും ഒരു വികസനവും ആ ഭൂമിയിൽ ചെയ്തിട്ടില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഇതിനിടെ 149 ഏക്കറും 5.5 ഗുണ്ടാസും ബാങ്ക് ഓഫ് ബഹൈറൻ ആൻഡ് കുവൈറ്റിൽ പണയപ്പെടുത്തി. ഇതിന് 2004 ജനുവരി ഏഴിന് കെഐഎഡിബി അനുമതി നൽകി.
2006 നവംബർ 28ന് കെഐഎഡിബിയിൽ നിന്ന് ബിപിഎൽ ഇന്ത്യ ലിമിറ്റഡിന് അനുകൂലമായി സമ്പൂർണ്ണ ‘വിൽപ്പന രേഖ’യും ലഭിച്ചു. തുടർന്ന് 87.3275 ഏക്കർ ഭൂമി 2011 ഫെബ്രുവരി 25ന് മാരുതി സുസുക്കിക്ക് 275 കോടി 47 ലക്ഷം രൂപയ്ക്ക് വിറ്റു. 33 ഏക്കറും 14 ഗുണ്ടാസും 2009-10 കാലയളവിൽ 31 കോടി രൂപയ്ക്ക് വീണ്ടും മാരുതിക്ക് തന്നെ വിറ്റു. 2011ൽ ബാക്കിയുള്ള മൂന്ന് ഏക്കറും 36.83 ഗുണ്ടാസും ബിഒസി ലിമിറ്റഡിന് നാല് കോടി രൂപയ്ക്ക് വിറ്റു. ബാക്കിയുണ്ടായ 25 ഏക്കറുകളും 5.5 ഗുണ്ടാസും ജിൻഡാൽ അലൂമിനിയം ലിമിറ്റഡിന് 33.50 കോടി രൂപയ്ക്ക് വിറ്റെന്നും പരാതിയിൽ ഉന്നയിക്കുന്നു.

















































