ബെംഗളൂരു: കർണാടകയിൽ ഇസ്രയേലി വനിതയടക്കം രണ്ടുപേരെ ബലാത്സംഗംചെയ്യുകയും മറ്റൊരു വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾക്കും വധശിക്ഷ വിധിച്ച് ഗംഗാവതി ജില്ലാ സെഷൻസ് കോടതി. പ്രതികളായ മല്ലേശ് എന്ന ഹാന്ദിമല്ല, സായ്, ശരണപ്പ എന്നിവരെയാണ് ഗംഗാവതി ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണെന്നും കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞു.
കഴിഞ്ഞ മാർച്ചിൽ ഹംപിക്ക് സമീപം സാനാപുരയിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. പണം ആവശ്യപ്പെട്ടാണ് പ്രതികൾ വിനോദസഞ്ചാരികളെ സമീപിക്കുകയായിരുന്നു. എന്നാൽ, പണം നൽകാൻ വിസമ്മതിച്ചതോടെ പ്രതികൾ ഇവരെ ആക്രമിച്ചു.
പുരുഷന്മാരായ മൂന്ന് സഞ്ചാരികളെ കനാലിലേക്ക് തള്ളിയിട്ട പ്രതികൾ, ഇസ്രയേലി വനിതയെയും ഹോംസ്‌റ്റേ ഉടമയായ മറ്റൊരു സ്ത്രീയെയും കൂട്ടബലാത്സംഗംചെയ്യുകയായിരുന്നു. ഇതിനിടെ കനാലിൽ വീണ മൂന്നുപേരിൽ രണ്ടുപേർ നീന്തിരക്ഷപ്പെട്ടു. എന്നാൽ, ഒഡീഷയിൽനിന്നുള്ള സഞ്ചാരി കനാലിൽ മുങ്ങിമരിച്ചു. സംഭവത്തിൽ പ്രതികൾക്കെതിരേ രാജ്യത്ത് ശക്തമായ പ്രതിഷേധമുയർന്നിരുന്നു.
















































