തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ശരിക്കും വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ശില്പി ഉമ്മൻ ചാണ്ടിയാണെന്നും അദ്ദേഹത്തെ അവഹേളിക്കുന്ന പ്രവർത്തനങ്ങൾ സർക്കാർ ചെയ്യരുതെന്നും കെ സുധാകരൻ പറഞ്ഞു. വിഴിഞ്ഞത്തേക്ക് ആദ്യ കപ്പൽ ഒക്ടോബറിൽ എത്തിയപ്പോൾ സർക്കാർ നടത്തിയ ആഘോഷത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് പോലും പിണറായി വിജയൻ പറഞ്ഞിരുന്നില്ലായെന്നും ആ തെറ്റ് ഇത്തവണ തിരുത്തണം എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവിന് ക്ഷണിക്കാതിരിക്കുകയും പ്രധാന മന്ത്രിയെ ക്ഷണിക്കുകയും ചെയ്തത് മാസപ്പടി കേസിൽ രക്ഷപ്പെടാനുള്ള തന്ത്രമായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിട്ടില്ലെന്ന വാർത്ത അന്ന് വലിയ വിവാദമായിരുന്നു. കേരള സർക്കാരിൻ്റെ വാർഷികാഘോഷം പ്രതിപക്ഷം ബഹിഷ്കരിച്ചതിനാലാണ് പ്രതിപക്ഷ നേതാവിന് ക്ഷണം നൽകാത്തത് എന്നായിരുന്നു കോൺഗ്രസിൻ്റെ വിമർശനം. പിന്നാലെ വാർത്ത ആരോപണം തള്ളി മന്ത്രി വി എൻ വാസവൻ രംഗത്തെത്തി. പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിട്ടുണ്ടെന്നും തന്റെ ലെറ്റർപാഡിലാണ് ക്ഷണക്കത്ത് നൽകിയതെന്നും വി എൻ വാസവൻ പറഞ്ഞു. ആരൊക്കെ പരിപാടിയിൽ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം അറിയാമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു.
തുടർന്ന്, വിവാദങ്ങൾക്കൊടുവിൽ ചടങ്ങിന് ക്ഷണിച്ച് കൊണ്ടുള്ള കത്ത് പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയിൽ എത്തി. മെയ് 2 -ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നത്. വിഴിഞ്ഞം കമ്മീഷനിങ് സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് എന്നാണ് സർക്കാർ വിശദീകരണം. ഇതിന് പിന്നാലെ പരിപാടി ബഹിഷ്കരിക്കുകയാണെന്ന് പ്രതിപക്ഷവും അറിയിച്ചിരുന്നു. വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തിയപ്പോൾ പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടായിരുന്നു. പിന്നീട് ട്രയൽ റൺ ഉദ്ഘാടനത്തിൽ നിന്നും വി ഡി സതീശനെ ഒഴിവാക്കിയിരുന്നു. കമ്മീഷനിങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി തുറമുഖത്തു നേരിട്ട് എത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.
കുടുംബസമേതം ആണ് മുഖ്യമന്ത്രി വിഴിഞ്ഞത്ത് എത്തിയത്. തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവൻ, വിഴിഞ്ഞം തുറമുഖത്തിന്റെ എം ഡി ദിവ്യ എസ് അയ്യർ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ഡിസംബർ മാസത്തോടുകൂടി തുറമുഖത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കും. റെയിൽ – റോഡ് കണക്ടിവിറ്റി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കി 2028 ഓടെ തുറമുഖം പൂർണ്ണമായും പ്രവർത്തന സജ്ജമാക്കാനാണ് സർക്കാരിന്റെ നീക്കം.