പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തിരിച്ചടിക്കുമെന്ന് ബിജെപിയ്ക്ക് മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരസ്യ പ്രസ്താവന. പാലക്കാട് നഗരസഭയിലെ ഹെഡ്ഗേവാർ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് കെ സുധാകരന്റെ വിവാദ പ്രസ്താവന. രാഹുൽ മാങ്കൂട്ടത്തിലിനെ തൊടാൻ ആർക്കും കഴിയില്ലെന്നും അടിച്ചാൽ തിരിച്ചടിക്കുമെന്നും തൊട്ടാൽ തൊടുന്നവന്റെ കൈ വെട്ടുമെന്നും കെ സുധാകരൻ പറഞ്ഞു.
സുധാകരൻറെ പ്രസ്താവന ഇങ്ങനെ- “രാഹുൽ മാങ്കൂട്ടത്തിലെന്നാൽ വെറുതെ കിളിർത്തുവന്ന വിത്തല്ല, ഞങ്ങൾ വളർത്തിയെടുത്ത വിത്താണ്. മാങ്കൂട്ടത്തിലിനെ തൊട്ടാൽ തിരിച്ചടിക്കും. രാഹുലിനെ തൊട്ടുകളിക്കുമ്പോൾ ബിജെപിക്കാർ സൂക്ഷ്മത പാലിക്കണമെന്ന് ഓർമിപ്പിക്കുന്നു.
അഭ്യാസങ്ങളും കൊട്ടും അടിയും ബിജെപിക്ക് മാത്രമല്ല വശമുള്ളത്. ഞങ്ങൾ കൊത്തിയാലും നിങ്ങൾക്ക് ചോര വരും. ഞങ്ങൾ വെട്ടിയാലും നിങ്ങൾക്ക് മുറിയും. അതിന് പറ്റിയ ആൺകുട്ടികൾ ഈ പാർട്ടിയിലുണ്ടെന്ന് പരസ്യമായി താൻ പ്രഖ്യാപിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ ജനമനസുകളിൽ ഭദ്രമാണ്. തൊട്ടാൽ തൊട്ടവന്റെ കൈ വെട്ടിയില്ലെങ്കിൽ ഈ രാജ്യത്ത് രാഷ്ട്രീയ പ്രവർത്തനമുണ്ടാകില്ല എന്ന് ഞാൻ പറയുകയാണ്”.