തിരുവനന്തപുരം: അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ. വീരപ്പനെ പോലും തോൽപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമത്തിന് നാലു കോടി രൂപയാണ് ചെലവ്, നാലു കോടി രൂപ സ്പോൺസർഷിപ്പ് കിട്ടിയെന്ന് പറയുന്നു.
അങ്ങനെയെങ്കിൽ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്ന നഷ്ടം എങ്ങനെ എന്നും അദ്ദേഹം ചോദിച്ചു. ഏറ്റവും ഞെട്ടിക്കുന്ന കാര്യം നന്ദഗോവിന്ദം എന്ന സംഘത്തെ ക്ഷണിച്ചിട്ടും ഇല്ല, പരിപാടി അവതരിപ്പിക്കാൻ വന്നിട്ടും ഇല്ല. എട്ട് ലക്ഷത്തിന്റെ ബില്ല് തയ്യാറാക്കി രണ്ട് ലക്ഷത്തിന് വേറൊരു പാർട്ടിയെക്കൊണ്ട് കച്ചേരി നടത്തി. വാസവന് കച്ചേരി എന്താ ഗാനമേള എന്താ എന്ന് അറിയാത്തത് കൊണ്ട് അദ്ദേഹം പറഞ്ഞു, ‘എനിക്ക് ഇതൊന്നും മനസ്സിലായില്ല.
ആരോ കച്ചേരി നടത്തുന്നത് കണ്ടു’എന്ന്. ശബരിമലയിൽ ഇനി വിഗ്രഹം മാത്രമേ ബാക്കിയുള്ളു. അത് സ്വർണ്ണത്തിൽ അല്ലാത്തതുകൊണ്ട് ബാക്കിയായി.ബാക്കിയെല്ലാം എടുത്തു കൊണ്ടുപോയി. അയ്യപ്പ സംഗമത്തോടെ ദേവസ്വം ബോർഡിന്റെ കാശും കൊണ്ടും പോയി. 4000 പേര് പങ്കെടുത്തു, 5000 പേർ ഭക്ഷണം കഴിച്ചുവെന്നാണ് പറയുന്നത്. ഒരാൾ അഞ്ചും പത്തുംപേരുടെ ഭക്ഷണം കഴിച്ചോ? സംഗമത്തിൽ പങ്കെടുത്തവരിൽ അത്രയും വലിയ ഭീമന്മാർ ഉണ്ടോ? ഇത് വെറും കൊള്ളയാണ്. ഒരു പക്ഷെ വീരപ്പൻ ഇവരെ കണ്ടാൽ സാഷ്ടാംഗം നമസ്കരിക്കും. അദ്ദേഹത്തിനെ പോലും തോൽപ്പിച്ചു. അദ്ദേഹം ജീവിക്കാൻ വേണ്ടിയാണ് കൊള്ളനടത്തിയത്. ഇത് ഭരിക്കാൻ ഏൽപ്പിച്ച് കൊള്ള നടത്തുകയാണ് – കെ. മുരളീധരൻ പറഞ്ഞു.














































