കൊടുങ്ങല്ലൂർ: സെറിബ്രൽ പാൾസി ബാധിച്ച് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി സാമൂഹ്യ സംഘടന ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷന്റെ സഹകരണത്തോടെ സെറിബ്രൽ പാൾസി സ്പോർട്സ് അസോസിയേഷൻ ഓഫ് കേരള സംഘടിപ്പിച്ച ജേഴ്സി വിതരണവും സോണൽ തല മത്സരവും കൊടുങ്ങല്ലൂർ എംഎൽഎ അഡ്വ വി ആർ സുനിൽകുമാർ വ്യാഴാഴ്ച കൊടുങ്ങല്ലൂർ പിബിഎം ജി എച്ച് എസ് എസിൽ വെച്ച് നിർവഹിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന ഈ വിദ്യാർത്ഥികൾക്ക് അവരുടെ കായിക സ്വപനം യാഥാർഥ്യമാക്കുന്നതിനായി പ്രവർത്തിക്കുന്ന പാൾസി സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയുടെയും ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷന്റെയും ശ്രമങ്ങൾ ശ്ലാഘനീയമാണെന്ന് എംഎൽഎ പറഞ്ഞു.

ഏറെ പ്രയാസങ്ങൾ നേരിട്ടാണ് സെറിബ്രൽ പാൾസി സ്പോർട്സ് അസോസിയേഷൻ ഓഫ് കേരള ഈ കുട്ടികൾക്ക് അവരുടെ കായികമായ കഴിവുകൾ വികസിപ്പിച്ചു കൊണ്ട് ദേശീയ അന്തർദേശീയ വേദികളിലെ മികച്ച പ്രകടനത്തിന് സന്നദ്ധരാക്കുന്നത്. ഈ ശ്രമങ്ങൾ ഒരു കൈത്താങ്ങാകുക എന്ന ലക്ഷ്യമാണ് ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനുള്ളതെന്ന് ചെയർമാൻ ആർ ബാലചന്ദ്രൻ പറഞ്ഞു. ഫൗണ്ടേഷനുമായി സഹകരിക്കുന്നതിന് മറ്റുള്ളവരും കൂടി സന്നദ്ധമായ പ്രത്യേക പരിഗണന അർഹിക്കുന്ന ഈ കുഞ്ഞുങ്ങൾക്ക് അവരുടെ വ്യക്തിവികാസത്തിനൊപ്പം സാധാരണ മനുഷ്യരെ പോലെ നേട്ടങ്ങൾ നേടുന്നതിനും ആഹ്ലാദിക്കുന്നതിനും അത് വഴി സ്വന്തമായി ഒരു ജീവിത വഴി ഉണ്ടാക്കുന്നതിനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൊടുങ്ങല്ലൂർ നഗരസഭ ചെയർ പേഴ്‌സൺ ടി കെ ഗീത അദ്ധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ ബി ആർ സി ബിപിസി മോഹൻ രാജ് സ്വാഗതം ആശംസിച്ച് സംസാരിച്ച ചടങ്ങിൽ ചാവക്കാട് ബിആർ സി സ്‌പെഷ്യൽ എഡ്യൂക്കേറ്റർ ജോളി നന്ദി അർപ്പിച്ച് സംസാരിച്ചു. സെറിബ്രൽ പാൾസി സ്പോർട്സ് അസോസിയേഷൻ ഓഫ് കേരള സെക്രട്ടറി R ഗിരിജ പദ്ധതി വിശദീകരണം നടത്തി. പിബി എം ജി എച്ച് എസ് എസ് പിടി എ പ്രസിഡന്റ് കൈസാബ്, സ്‌കൂൾ പ്രധാനധ്യാപകൻ സുനിൽ കുമാർ, പിടിഎ മെമ്പർ ഉണ്ണി പണിക്കശ്ശേരി എന്നിവർ ആശംസകൾ നേർന്നു .