കോമ: കോംഗോയിലെ ആശുപത്രിയിൽ ഐഎസ് പിന്തുണയുള്ള എഡിഎഫ് നടത്തിയ ഭീകരാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. വടക്കൻ കിവു പ്രവിശ്യയിൽ ലുബെറോയിലെ ബ്യാംബ്‌വേ ആശുപത്രിയിലാണ് ഐഎസ് പിന്തുണയുള്ള എഡിഎഫ് (അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ്) ഭീകരാക്രമണം നടത്തിയത്. മുലയൂട്ടുന്ന സ്ത്രീകളെ പോലും ക്രൂരമായി കഴുത്തറത്ത് കൊലപ്പെടുത്തി ആശുപത്രി കിടക്കയിൽ തള്ളിയ നിലയിൽ കണ്ടെത്തിയെന്നും പ്രാദേശിക ഭരണാധികാരിയായ കേണൽ അലൈൻ കിവേവ പ്രതികരിച്ചു. ആശുപത്രി ആക്രമണത്തിൽ 11 സ്ത്രീകൾ കൊല്ലപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഡിഎഫ് മറ്റ് ഗ്രാമങ്ങളിലും ആക്രമണം നടത്തിയിട്ടുണ്ടെന്ന് മൻസ്യ പ്രദേശത്തെ സിവിൽ സൊസൈറ്റി നേതാവ് സാമുവൽ കാകുലേ കഘേനി പറഞ്ഞു. അതേസമയം ഈ ഗ്രാമങ്ങളിലെ അപകടം എത്രത്തോളമാണെന്നുള്ള റിപ്പോർട്ട് പുറത്ത് വന്നിട്ടില്ല.
കഴിഞ്ഞ ഓഗസ്റ്റിൽ എഡിഎഫ് നടത്തിയ നിരവധി ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ പറഞ്ഞിരുന്നു. ജൂലൈയിൽ ഇതുരി പ്രവിശ്യയിൽ നടത്തിയ ആക്രമണത്തിൽ മാത്രം 40 പേരാണ് കൊല്ലപ്പെട്ടത്. പ്രസിഡന്റ് യൊവേരി മുസെവേനിയോടുള്ള അതൃപ്തിയെ തുടർന്ന് 1990കളുടെ അവസാനത്തിലാണ് ഉഗാണ്ടയിലെ ചെറിയ ചില ഗ്രൂപ്പുകൾ ചേർന്ന് എഡിഎഫ് രൂപീകരിച്ചത്. 2002ൽ ഉഗാണ്ടയിലെ സൈനിക ആക്രമണത്തെ തുടർന്ന് ഐഡിഎഫ് കോംഗോയിലേക്ക് നീങ്ങുകയായിരുന്നു.



















































