ന്യൂഡൽഹി: പാക്കിസ്ഥാനിലുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പരമ്പരയിൽ നിന്നു പിന്മാറാൻ അനുമതി ആവശ്യപ്പെട്ട ശ്രീലങ്കൻ താരങ്ങളോട് തുടർന്നും കളിക്കണമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ നിർദേശം. പരമ്പര കളിക്കാതെ നാട്ടിലേക്ക് മടങ്ങിയാൽ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും ബോർഡ് മുന്നോട്ടുവച്ചു. നേരത്തേ പാക്കിസ്ഥാനിലുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഏകദിന പരമ്പരയ്ക്കായെത്തിയ ശ്രീലങ്കൻ താരങ്ങൾ പര്യടനം റദ്ദാക്കാൻ ലങ്കൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടത്.
അതേസമയം ഇസ്ലാമാബാദിലെ ബോംബ് സ്‌ഫോടനത്തെത്തുടർന്ന് സുരക്ഷാ ആശങ്കകൾ പ്രകടിപ്പിച്ച് ലങ്കൻ ടീമിലെ എട്ടു താരങ്ങളാണ് പര്യടനം റദ്ദാക്കാൻ ബോർഡിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ടീം മാനേജ്മെന്റ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു. തുടർന്ന് ലങ്കൻ ബോർഡ് പാക് സർക്കാരുമായും പാക് ക്രിക്കറ്റ് ബോർഡുമായും ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും താരങ്ങൾ പരമ്പരയിൽ തുടരണമെന്നും കളിക്കാർക്ക് നിർദേശം നൽകിയത്.
ഈ നിർദ്ദേശം അവഗണിച്ച് ഏതെങ്കിലും കളിക്കാരനോ മറ്റു അംഗങ്ങളോ ശ്രീലങ്കയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയാണെങ്കിൽ നടപടിയുണ്ടാകുമെന്നും പകരക്കാരനെ ടീമിലേക്ക് അയക്കുമെന്നും ലങ്കൻ ബോർഡ് അറിയിച്ചിട്ടുണ്ട്. ഇതിനിടെ മത്സരക്രമത്തിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. നവംബർ 13,15 തീയതികളിൽ നടക്കേണ്ട മത്സരങ്ങൾ നവംബർ 14, 16 തീയതികളിൽ നടക്കും. ഇസ്ലാമാബാദിൽ ചാവേറാക്രമണം നടന്നിട്ടും ചൊവ്വാഴ്ച റാവൽപിണ്ടിയിൽ ആദ്യ മത്സരം നടന്നിരുന്നു. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളും റാവൽപിണ്ടിയിൽത്തന്നെയാണ് നടക്കേണ്ടത്. ആദ്യമത്സരത്തിൽ ജയിച്ച പാക്കിസ്ഥാൻ 1-0ന് മുന്നിലാണ്.
അതേസമയം ചൊവ്വാഴ്ച ഇസ്ലാമാബാദിലെ ഒരു ജുഡീഷ്യൽ കോംപ്ലക്‌സിലുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ചാവേറാക്രമണമാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കാൽനടയായി കോടതി കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ബോംബർ, പതിനഞ്ച് മിനിറ്റോളം പുറത്തു കാത്തുനിന്നശേഷം ഒരു പോലീസ് വാഹനത്തിന് സമീപംവെച്ച് സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിപ്പിക്കുകയായിരുന്നെന്നാണ് പാക് മന്ത്രിയും പിസിബി മേധാവിയുമായ നഖ്‌വി പറഞ്ഞു.















































