ടെഹ്റാൻ: രൂക്ഷമായി തുടരുന്ന ഇറാൻ- യുഎസ്- ഇസ്രയേൽ സംഘർഷത്തിനിടെ, സ്വന്തം ജനതയ്ക്ക് നേരെ ഭീഷണി ഉയർത്തി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) കമാൻഡർ സലാർ അബ്നൂഷ്. ഇറാൻ ഭരണകൂടത്തെ എതിർക്കുന്നവർക്കെതിരെയും ശത്രുരാജ്യങ്ങളെ പിന്തുണയ്ക്കുന്നവർക്കെതിരെയും അതിശക്തമായ നടപടി ഉണ്ടാകുമെന്നാണ് ഐ ആർ ജി സി കമാൻഡറും എംപിയുമായ സലാർ അബ്നൂഷ് നല്കിയ താക്കീത്. ഇറാൻ ദേശീയ ടെലിവിഷനിലൂടെയായിരുന്നു ഈ സൂചന നല്കിയത്.
ഇസ്രയേലിനെയോ മറ്റ് ശത്രുക്കളെയോ അനുകൂലിച്ച് സംസാരിക്കുന്നവർ ഇസ്രയേലിന്‍റെ പക്ഷത്താണെന്നും അവരുടെ തല നെതന്യാഹുവിന്‍റേതിന് തുല്യമാണെന്നും ഐ ആർ ജി സി കമാൻഡർ പറഞ്ഞു. അങ്ങനെയുള്ളവരെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവ് നൽകിയിട്ടുണ്ടെന്നും ഐ ആർ ജി സി കമാൻഡർ മുന്നറിയിപ്പ് നൽകി. “നിങ്ങളുടെ മക്കളെ നിയന്ത്രിക്കുക! അവർ നിങ്ങൾ പറയുന്നത് കേൾക്കുന്നില്ലെങ്കിൽ പിന്നീട് ഞങ്ങളെ കുറ്റപ്പെടുത്തരുത്” എന്നാണ് ഐ ആർ ജി സി കമാൻഡർ രക്ഷിതാക്കളോട് പറഞ്ഞത്.
അതേസമയം പോരാട്ടം ഒരാഴ്ച പിന്നിടുമ്പോഴും ഉടനെയൊന്നും അവസാനിക്കുന്നില്ലെന്ന സൂചനയാണ് ഇരുപക്ഷത്തു നിന്നും വരുന്നത്. ഇറാനെതിരെ ഇറാഖിലെ കുർദിഷ് മേഖല വഴി കരയുദ്ധത്തിന് തയ്യാറെടുക്കുകയാണ് അമേരിക്ക. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരോട് കീഴടങ്ങാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇറാനിലെ പുതിയ ഭരണാധികാരിയായി മൊജ്തബ ഖമനെയിയെ അംഗീകരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിൽ ഇതുവരെ 1230 പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ കൂട്ടപ്പലായനം തുടരുകയാണ്.
ഇറാനെതിരെ അമേരിക്ക കരയുദ്ധത്തിന് തുനിഞ്ഞാൽ അതവരുടെ നാശമായിരിക്കുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിക്കുകയുണ്ടായി. കഴിഞ്ഞ ദിവസങ്ങളിലെ അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി തുടരുമെന്നും യുഎസിന്റെ എബ്രഹാം ലിങ്കൻ പടക്കപ്പൽ തകർത്തെന്നും ഇറാൻ അവകാശപ്പെടുന്നു.

















































