ടെഹ്റാൻ: ഇറാൻ തങ്ങളുടെ ആണവ കേന്ദ്രങ്ങളിലൊന്നിനടുത്ത് ഒരു ഭൂഗർഭ സമുച്ചയം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിക്കുന്ന പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള പരസ്പ്പരമുള്ള വാഗ്വാദത്തിനിടെ, ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ചകൾ തുടരുന്നതിനിടെ, ആണവ പദ്ധതിയുടെ ഭാഗമായുള്ള പുതിയ കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ഇറാനെതിരെ പുതിയ സൈനിക നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തുന്നതിനിടെയാണ് ഇത്തരത്തിലൊരു നീക്കം നടക്കുന്നത്.
യുഎസ് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ഇന്റർനാഷണൽ സെക്യൂരിറ്റി (ഐസിസ്) നിലവിൽ പുറത്തു വന്നിട്ടുള്ള ഉപഗ്രഹ ചിത്രങ്ങൾ വിശകലന വിധേയമാക്കി. അതിൽനിന്നും മനസ്സിലാക്കാനാവുന്നത് പിക്കാക്സ് പർവ്വതം എന്ന അറിയപ്പെടുന്ന മൗണ്ട് കൊളാങ് ഗാസ് ലായിലെ തുരങ്ക പ്രവേശന കവാടങ്ങൾ ഇറാൻ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നാണ്.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പ്രവർത്തനങ്ങളെയോ പ്രധാന ഉപകരണങ്ങളെയോ സംരക്ഷിക്കുന്നതിനായാണ് ഇത്തരമൊരു സൗകര്യം ഒരുക്കുന്നതെന്ന് വിദഗ്ദ്ധർ പറയുന്നത്, എന്നാൽ ഭൂഗർഭ സമുച്ചയം കൃത്യമായ ഉദ്ദേശ്യം , അവിടം നിലവിൽ പ്രവർത്തനക്ഷമമാണോ എന്ന കാര്യത്തിലൊന്നും വ്യക്തയില്ല.
ഇതിന് മുമ്പ് , കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തുവന്ന ഒരു ഉപഗ്രഹ ചിത്രത്തിൽ, പിക്കാക്സ് പർവതത്തിന്റെ പ്രവേശന കവാടങ്ങളിലൊന്നിന്റെ മുകളിൽ പുതുതായി കോൺക്രീറ്റ് ചെയ്ത ദൃശ്യങ്ങൾ കാണപ്പെട്ടിരുന്നു. കോൺക്രീറ്റ് വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ബൂം പമ്പ് സ്ഥലത്ത് കാണാൻ കഴിഞ്ഞെന്ന് ഐസിസ്, യുകെ ആസ്ഥാനമായുള്ള ഇന്റലിജൻസ് വിശകലന സ്ഥാപനമായ മായാർ എന്നിവയിലെ വിശകലന വിദഗ്ധർ പറയുകയുമുണ്ടായി. തുരങ്ക പ്രവേശന കവാടങ്ങൾ ശക്തിപ്പെടുത്തുന്നതിനും വ്യോമാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുമാണ് ഇറാൻ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐഎസിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
തങ്ങളുടെ ആണവ പദ്ധതി പൂർണ്ണമായും സമാധാനപരമാണെന്നാണ് ഇറാൻ നിരന്തരം വാദിക്കുന്നത്. ആണവായുധങ്ങൾ വികസന ശ്രമങ്ങൾ ഇറാൻ നടത്തുന്നുവെന്ന പ്രചരണങ്ങളെ അവർ നിഷേധിക്കുകയും ചെയ്യാറുണ്ട്. എന്നിട്ടും അവർ ആണവ കേന്ദ്രങ്ങൾക്ക് സമീപത്തുള്ള ഭൂഗർഭ സമുച്ചയങ്ങൾ കേന്ദ്രീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് എന്തിനുവേണ്ടിയാണെന്ന ചോദ്യം ഇനിയും അവശേഷിക്കുന്നു.















































