ഇരിട്ടി: അവധി ലഭിക്കാനായി പിഎസ്‌സിയുടെ വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കിയെന്ന പരാതിയിൽ പോലീസ് കോൺസ്റ്റബിൾ ട്രെയിനിക്കെതിരേ വകുപ്പുതല അന്വേഷണം. കെഎപി നാലാം ബറ്റാലിയൻ റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾ കെ.വി. ജിഷ്ണുവിനെതിരേയാണ് നടപടി. ജിഷ്ണുവിന്റെ പേരിൽ പിഎസ്‌സി കണ്ണൂർ ജില്ലാ ഓഫീസർ ടൗൺ പോലീസിൽ പരാതിയും നൽകി.
ജിഷ്ണുവിനെ പരിശീലനത്തിൽനിന്ന് മാറ്റിനിർത്തി. ഒക്ടോബർ 16-ന് നടന്ന പിഎസ്‌സിയുടെ സ്റ്റോർ കീപ്പർ പരീക്ഷ എഴുതാനാണ് ജിഷ്ണുവിന് ഒരുദിവസത്തെ അവധി അനുവദിച്ചത്. അവധി കഴിഞ്ഞ് എത്തിയ ജിഷ്ണുവിനോട് പരീക്ഷാ സെന്ററിലെ ഇൻവിജിലേറ്ററുടെ ഒപ്പും ഓഫീസ് സീലും പതിപ്പിച്ച ഹാൾടിക്കറ്റ് ഹാജരാക്കാൻ കെഎപി ബറ്റാലിയൻ പരിശീലനകേന്ദ്രം മേധാവി ആവശ്യപ്പെട്ടു. ഹാൾടിക്കറ്റ് ഹാജരാക്കാഞ്ഞതിനാൽ രേഖാമൂലം വിശദീകരണം തേടി. ഇതേ തുടർന്ന് സുഹൃത്തായ ഉദ്യോഗാർഥിയുടെ ഹാൾടിക്കറ്റ് സംഘടിപ്പിച്ച് അത് തിരുത്തി സ്വന്തം പേരിലാക്കി.
പരീക്ഷ നടന്ന ചൊവ്വ ഹയർസെക്കൻഡറി സ്കൂളിലെ പിഎസ്‌സി പരീക്ഷാ ചീഫ് സൂപ്രണ്ടായ പ്രഥമാധ്യാപകന്റെ ഒപ്പും സീലും ഇതിൽ വാങ്ങാൻ ശ്രമിച്ചപ്പോഴാണ് ഹാൾടിക്കറ്റ് വ്യാജമാണെന്ന് മനസ്സിലാക്കിയത്. ഇക്കാര്യം പരീക്ഷാ ചീഫ് സൂപ്രണ്ട് പിഎസ്‌സി ജില്ലാ ഓഫീസറെ അറിയിച്ചു. പിഎസ്‌സി വിശദീകരണം തേടിയപ്പോൾ ജിഷ്ണു ഹാജരായി നടന്ന കാര്യങ്ങൾ എഴുതിനല്കി. പിഎസ്‌സി ജില്ലാ ഓഫീസർ ഇത് കെഎപി നാലാം ബറ്റാലിയൻ കമൻഡാന്റിന് കൈമാറി. ഇതോടെയാണ് പരിശീലനത്തിൽനിന്ന് മാറ്റിനിർത്തിയത്.

















































