ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ സമുദ്രകരുത്തിന് ശക്തി പകരാൻ ഐഎൻഎസ് ഹിമഗിരിയും ഐഎൻഎസ് ഉദയഗിരിയും. ഇരു യുദ്ധക്കപ്പലുകളും നാവികസേനയുടെ ഭാഗമായി. തദ്ദേശീയമായി വികസിപ്പിച്ച പടക്കപ്പലുകൾ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കമ്മീഷൻ ചെയ്തു. 2050 ഓടെ ഇരുന്നൂറ് യുദ്ധക്കപ്പലുകളുള്ള രാജ്യമായി ഇന്ത്യമാറുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
രണ്ട് വ്യത്യസ്ത കപ്പൽശാലകളിൽ നിർമ്മിച്ച രണ്ട് യുദ്ധക്കപ്പലുകൾ ഒരേസമയം കമ്മീഷൻ ചെയ്യുന്ന അപൂർവ കാഴ്ചയ്ക്ക് സാക്ഷിയായിരിക്കുകയാണ് വിശാഖപട്ടണത്തെ നാവികകേന്ദ്രം. പ്രോജക്ട് 17A’-യുടെ ഭാഗമായി നിർമ്മിച്ച ഈ യുദ്ധക്കപ്പലുകൾ ശത്രുക്കളുടെ റഡാറുകളുടെ കണ്ണുവെട്ടിച്ച് സഞ്ചരിക്കാൻ കഴിയുള്ളവയാണ്. ഇന്ത്യൻ നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത ഈ കപ്പലുകളിൽ ഏകദേശം 75% ഇന്ത്യൻ നിർമ്മിത ഘടകങ്ങളാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്. മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡാണ് ‘ഉദയഗിരി നിർമ്മിച്ചത്, ‘ഹിമഗിരി’ കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഇരുയുദ്ധക്കപ്പലുകളും സമുദ്രാധിപത്യത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി.
മുപ്പത് വർഷത്തിലേറെ സേവനം നൽകി ഡീകമ്മീഷൻ ചെയ്ത ഐഎൻഎസ് ഉദയഗിരി (F35), ഐഎൻഎസ് ഹിമഗിരി (F34) എന്നീ കപ്പലുകളുടെ സ്മരണാർത്ഥമാണ് പുതിയ കപ്പലുകൾക്ക് ഈ പേരുകൾ നൽകിയിരിക്കുന്നത്.