മുംബൈ: 2025-26 സാമ്പത്തിക വർഷത്തെ അവസാന ട്രേഡിങ് ദിനത്തിലും ഇന്ത്യൻ ഓഹരി വിപണിക്ക് വൻ തകർച്ച. മാർച്ച് 30-ന് ബിഎസ്ഇ സെൻസെക്‌സ് 1635 പോയിന്റ്(2.22 ശതമാനം) ഇടിഞ്ഞ് 71,948 എന്ന നിലയിലും എൻഎസ്ഇ നിഫ്റ്റി50 488 പോയിന്റ്(2.14 ശതമാനം) ഇടിഞ്ഞ് 22,331 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അതുപോലെ നിഫ്റ്റി ബാങ്ക്, നിഫ്റ്റി പിഎസ്‌യു ബാങ്ക് സെക്ടറുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. തിങ്കളാഴ്ച മാത്രം നിക്ഷേപകർക്ക് ഏകദേശം 10 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. ഓഹരി വിപണിയിലെ തകർച്ചയ്‌ക്കൊപ്പം ആക്കം കൂട്ടാനായി തിങ്കളാഴ്ച ഇന്ത്യൻ രൂപയുടെ മൂല്യത്തിലും റെക്കോഡ് തകർച്ചയുണ്ടായി. ഡോളറിനെതിരേ 95.24 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് തിങ്കളാഴ്ച രൂപയുടെ മൂല്യം ഇടിഞ്ഞത്. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോൾ രൂപയുടെ മൂല്യം 94.81 രൂപയായിരുന്നു.
അതേസമയം പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡ് ഓയിൽ വില ഉയരുന്നതുമാണ് വിപണിയിലെ തകർച്ചയ്ക്ക് പ്രധാന കാരണം. കൂടാതെ തിങ്കളാഴ്ച ക്രൂഡ് ഓയിൽ വില ബാരലിന് 116 ഡോളറിലേക്ക് ഉയരുകയും ചെയ്തു.


















































