കൊച്ചി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ സംബന്ധിച്ചുള്ള ട്രംപിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ഓഹരി വിപണി കൂടുതൽ ഊർജ്ജസ്വലമായി. ഭൂരിഭാഗം ഓഹരികളിലും വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. പ്രീ ഒപ്പിങ് സെഷനിൽ സെൻസെക്‌സ് നാലായിരത്തിലേറ പോയൻ്റ് കുതിച്ചു. നിഫ്റ്റിയാകട്ടെ റെക്കോഡ് ഉയരത്തിലെത്തുകയും ചെയ്തു.
വ്യാപാരം ആരംഭിച്ച വേളയിൽ സെൻസെക്‌സിലെ നേട്ടം 2,500 പോയൻ്റാണ്. സൂചിക 84,207ലെത്തുകയും ചെയ്തു. നിഫ്റ്റിയാകട്ടെ 760 പോയൻ്റ് നേട്ടത്തിൽ 25,847ലുമെത്തി. സമീപ കാലയളവിലെ ഏറ്റവും വലിയ ഏകദിന കുതിപ്പാണ് വിപണിയിലുണ്ടായത്.
യുഎസ് താരിഫ് കുറച്ചതോടെ കയറ്റമതിക്കാർക്ക് നേട്ടമാകും. വിദേശ നിക്ഷേപം കൂടും. രൂപയുടെ മൂല്യത്തിൽ വർധനവുമുണ്ടാകും. ഇത് വിപണിയിൽ പുതുപ്രതീക്ഷകളുണർത്തുന്നു. അതേതുടർന്നുള്ള ശുഭാപ്തി വിശ്വാസമാണ് വിപണിയിൽ പ്രതിഫലിച്ചത്.
എല്ലാ സെക്ടറൽ സൂചികകളും വൻ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. മിഡ്-ക്യാപ്, സ്മോൾ-ക്യാപ് സൂചികകൾ 3.5 ശതമാനം വീതം ഉയർന്നു.
അദാനി എൻറർപ്രൈസസ്, അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ, എന്നിവ 11 ശതമാനം വരെ നേട്ടമുണ്ടാക്കി. അതേസമയം, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ, ഐടിസി എന്നിവയ്ക്ക് ഒരു ശതമാനം വരെ ഇടിവ് നേരിട്ടു. 2911 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 435 ഓഹരികൾ ഇടിയുകയും 12 ഓഹരികളിൽ മാറ്റമില്ലാതെ തുടരുകയും ചെയ്തു.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു ശതമാനത്തിലധികം ഉയർന്ന് 90.40 എന്ന നിലയിലെത്തി.അങ്ങനെ 2022 നവംബറിന് ശേഷമുള്ള ഏറ്റവും മികച്ച വ്യാപാര ദിനമായി 2026 ഫെബ്രുവരി 3, ചൊവ്വാഴ്ച മാറി. 10 വർഷത്തെ ബെഞ്ച്മാർക്ക് ഗവൺമെൻ്റ് ബോണ്ട് ആദായം 5 ബെസിസ് പോയിൻ്റ് കുറഞ്ഞ് 6.72 ശതമാനത്തിലെത്തി.
ഇന്ത്യൻ പ്രധാനമന്ത്രിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും കരാർ പ്രഖ്യാപിച്ച ഇരുരാജ്യങ്ങൾക്കും നേട്ടമുണ്ടാക്കാവുന്ന സാഹചര്യം സൃഷ്ടിക്കുന്നു. ഇന്ത്യയ്ക്കുമേൽ യുഎസ് ഏർപ്പെടുത്തിയിരുന്ന തീരുവ കുറച്ചത് അതിൽ ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യൻ കയറ്റുമതി ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന 50% താരിഫ് 18% ആയാണ് കുറച്ചത്. ഇത് വിപണി പ്രതീക്ഷിച്ചതിനേക്കാൾ മികച്ച നേട്ടമാണ്.
ഇതിനകം കെഇസി ഇൻ്റർനാഷണൽ വിവിധ ബിസിനസ്സുകളിൽ 1,020 കോടി രൂപയുടെ പുതിയ ഓർഡറുകൾ നേടിയതായി റിപ്പോർട്ട് ചെയ്യുന്നു ടെക്‌സ്‌റ്റൈൽസ് കയറ്റുമതിയെ ആശ്രയിക്കുന്ന ഗോകുൽദാസ് എക്‌സ്‌പോർട്ട്‌സ്, വെൽസ്‌പാൻ ലിവിംഗ്, കെപിആർ മിൽസ് തുടങ്ങിയ കമ്പനികൾക്ക് യുഎസ് താരിഫ് കുറയുന്നത് ഗുണകരമാകും. അതുപോലെ അവന്തി ഫീഡ്‌സ്, അപെക്‌സ് ഫ്രോസൺ തുടങ്ങിയ ചെമ്മീൻ കയറ്റുമതി കമ്പനികളുടെ ഓഹരികളിലും താരിഫ് കുറവ് മുന്നേറ്റമുണ്ടാക്കും.
ധാരണയിലായിരിക്കുന്ന പുതിയ കരാർ പ്രകാരം അമേരിക്കയിൽ നിന്ന് ഏകദേശം 500 ബില്യൺ ഡോളർ മൂല്യമുള്ള എണ്ണ, കൽക്കരി, ചില കാർഷിക ഉൽപന്നങ്ങൾ എന്നിവ ഇന്ത്യ വാങ്ങും.ഇതോടെ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഇന്ത്യ അവസാനിപ്പിക്കുമെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. അതേസമയം രാജ്യത്തിന്റെ ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്ക് ഇന്ത്യ മുൻതൂക്കം നല്കുന്നുണ്ട്. അതിനാൽ തന്നെ ഡയറി, കാർഷിക മേഖല എന്നിവയിൽ വിദേശ കടന്നുകയറ്റം അനുവദിക്കില്ലെന്ന ഇന്ത്യയുടെ നിലപാട് കരാറിൽ സംരക്ഷിക്കപ്പെടും.
















































