ജനസംഖ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ആണ് ലോകം കഴിഞ്ഞ ദിവസം ലോക ജനസംഖ്യാ ദിനം ആചരിച്ചത്. 1989 ൽ ഐക്യരാഷ്ട്ര വികസന പദ്ധതിയാണ് (UNDP) ഇതിന് തുടക്കമിട്ടത്. 1987 ജൂലൈ 11 ന് ലോക ജനസംഖ്യ 500 കോടി (5 ബില്യൺ) പിന്നിട്ടതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം.
2025 ലെ ലോക ജനസംഖ്യാ ദിനത്തിന്റെ പ്രമേയം “നീതിയും പ്രതീക്ഷയും നിറഞ്ഞ ലോകത്ത്, യുവജനങ്ങളെ അവർ ആഗ്രഹിക്കുന്ന കുടുംബങ്ങൾ കെട്ടിപ്പടുക്കാൻ പ്രാപ്തരാക്കുക” എന്നതാണ്. ഈ പ്രമേയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണ്. കാരണം, യുവജനങ്ങളുടെ എണ്ണത്തിൽ ലോകരാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യ. 25 വയസ്സിൽ താഴെയുള്ള 60 കോടിയിലധികം ജനങ്ങൾ നമുക്കുണ്ട്.
ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ ഫണ്ടിന്റെ (UNFPA) കണക്കുകൾ പ്രകാരം 2025 അവസാനത്തോടെ ഇന്ത്യയുടെ ജനസംഖ്യ 146 കോടിയിലെത്തും. അതിലും പ്രധാനമായി നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമായി മാറും എന്ന വസ്തുതയും മുന്നിലുണ്ട്. പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരാശരി പ്രായം 30 വയസ്സിൽ താഴെയായിരിക്കും (കൃത്യമായി പറഞ്ഞാൽ 28 വയസ്സ്). പ്രത്യുത്പാദന നിരക്ക് (Total Fertility Rate) 1.9 ആയി കുറഞ്ഞത്, വരും വർഷങ്ങളിൽ ജനസംഖ്യാ വളർച്ച കുറയും എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യാ ഘടനയിൽ വരുന്ന ഈ മാറ്റം ഇന്ത്യക്ക് അടുത്ത 25 വർഷത്തേക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ സമ്മാനിക്കും. ഇതിനെയാണ് ‘ജനസംഖ്യാ ലാഭവിഹിതം’ (Demographic Dividend) എന്ന് പറയുന്നത്. തൊഴിലെടുക്കാൻ കഴിവുള്ളവരുടെ എണ്ണം, കുട്ടികളെയും പ്രായമായവരെയും അപേക്ഷിച്ച് കൂടുമ്പോൾ രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക വളർച്ചയെയാണിത് സൂചിപ്പിക്കുന്നത്. നിലവിൽ, രാജ്യത്തെ ജനസംഖ്യയുടെ 65% 35 വയസ്സിൽ താഴെയുള്ളവരാണ്. ഈ അനുകൂല സാഹചര്യം തിരിച്ചറിഞ്ഞ്, അതിനെ ശരിയായ ദിശയിൽ നയിക്കാനുള്ള നയങ്ങളും പദ്ധതികളും ആവിഷ്കരിക്കേണ്ടത് സർക്കാരുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും പ്രധാന ഉത്തരവാദിത്തമാണ്.
ഇന്ത്യയുടെ ജനസംഖ്യാ നിയന്ത്രണ വിജയത്തിൽ കേരളത്തിന് ഒരു പ്രധാന പങ്കുണ്ട്. ദേശീയ കുടുംബക്ഷേമ പരിപാടികളിൽ എന്നും മുന്നിലായിരുന്നു കേരളം. 1950 കളുടെ അവസാനത്തോടെ തന്നെ ഇന്ത്യയിലെ ജനസംഖ്യ അമിതമായി വർദ്ധിക്കുമെന്ന ആശങ്ക കേന്ദ്ര സർക്കാരിനുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് രാജ്യം ദേശീയ കുടുംബക്ഷേമ പരിപാടിക്ക് രൂപം നൽകിയത്. “ചെറിയ കുടുംബം സന്തുഷ്ട കുടുംബം” എന്ന കുടുംബസൂത്രണ പ്രചാരണം അക്കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് ഗർഭനിരോധന ഉറകൾ വലിയ വില നൽകി ഇറക്കുമതി ചെയ്യേണ്ട അവസ്ഥയായിരുന്നു. ഇന്ത്യയിൽ തന്നെ കോണ്ടം നിർമ്മിക്കാൻ സർക്കാർ തീരുമാനമെടുത്തു. കോണ്ടം നിർമ്മാണത്തിന് പ്രധാനമായും വേണ്ടത് റബ്ബർ അഥവാ ലാറ്റെക്സ് ആണ്. കേരളത്തിൽ റബ്ബർ ധാരാളമായി ലഭ്യമായതുകൊണ്ടാണ് കോണ്ടം നിർമ്മാണ യൂണിറ്റ് ഇവിടെ തുടങ്ങാൻ തീരുമാനിച്ചത്. അങ്ങനെ 1966 ൽ തിരുവനന്തപുരത്ത് എച്ച് എൽ എൽ ലൈഫ്കെയർ ലിമിറ്റഡ് (പഴയ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്) ദേശീയ കുടുംബക്ഷേമ പരിപാടിയുടെ ഭാഗമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ സ്ഥാപിക്കപ്പെട്ടു. ആദ്യകാലങ്ങളിൽ ‘നിരോധ്’ എന്ന പേരിലാണ് എച്ച് എൽ എൽ ഗർഭനിരോധന ഉറകൾ രാജ്യത്തുടനീളം ലഭ്യമാക്കിയത്. അക്കാലത്ത് കോണ്ടം എന്നാൽ ‘നിരോധ്’ ആയിരുന്നു. പിന്നീട് വിവിധ ബ്രാൻഡുകൾ പുറത്തിറക്കി. ഗർഭനിരോധന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്പാദകരിൽ ഒന്നായി എച്ച് എൽ എൽ അതിവേഗം വളർന്നു.
രാജ്യത്തുടനീളം എച്ച് എൽ എല്ലിന് എട്ട് ഫാക്ടറികളാണുള്ളത്. ഇതിൽ അഞ്ചെണ്ണം ഗർഭനിരോധന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നവയാണ്. ഇതിന് പുറമെ കർണാടകയിലെ കനഗലയിലും ഫാക്ടറിയുണ്ട്. പേരൂർക്കടയിലെ ഫാക്ടറി പ്രതിവർഷം 124.6 കോടി കോണ്ടങ്ങളും കനഗലയിലേത് 37 കോടി കോണ്ടങ്ങളും 98 ലക്ഷം ഓറൽ കോൺട്രാസെപ്റ്റീവ് ഗുളികകളും (OCPs) 12.5 കോടി നോൺ സ്റ്റീറോയിഡൽ OCP കളും 1.87 കോടി അടിയന്തര ഗർഭനിരോധന ഗുളികകളും ഉത്പാദിപ്പിക്കുന്നു. കാക്കനാട് 30 കോടി പുരുഷ കോണ്ടങ്ങളും 2.5 കോടി സ്ത്രീ കോണ്ടങ്ങളും നിർമ്മിക്കുമ്പോൾ, ഐരാപുരം പ്രതിവർഷം 27.6 കോടി കോണ്ടങ്ങൾ കൂടി ഉത്പാദിപ്പിക്കുന്നു. അക്കുളത്തെ ഫാക്ടറി ഗർഭനിരോധന ഉൽപ്പന്നങ്ങളായ 55 ലക്ഷം കോപ്പർ ടികളും 25 ലക്ഷം ട്യൂബൽ റിംഗുകളും പ്രതിവർഷം പുറത്തിറക്കുന്നു.
ഗർഭനിരോധന രംഗത്ത് രാജ്യത്ത് നിരവധി പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിലും എച്ച് എൽ എൽ മുൻപന്തിയിലായിരുന്നു. നോൺ സ്റ്റീറോയിഡൽ ഓറൽ കോൺട്രാസെപ്റ്റീവ് ഗുളികകൾ, സ്ത്രീ കോണ്ടം, എമിലി പോലുള്ള ഹോർമോൺ പുറത്തുവിടുന്ന ഇൻട്രാ യൂട്ടറൈൻ സിസ്റ്റം (LNG-IUS) എന്നിവ ഇതിൽ പ്രധാനമാണ്. പ്രത്യുത്പാദന ആരോഗ്യ ഗവേഷണങ്ങൾക്കായി എച്ച് എൽ എല്ലിന് ഒരു കോർപ്പറേറ്റ് R&D കേന്ദ്രവുമുണ്ട്. കഴിഞ്ഞ ലോക എയ്ഡ്‌സ് ദിനത്തിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം, എച്ച് എൽ എൽ കഴിഞ്ഞ 60 വർഷത്തിനിടെ 5500 കോടിയിലധികം (55 ബില്യൺ) കോണ്ടങ്ങളാണ് നിർമ്മിച്ച് വിതരണം ചെയ്തത്. മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങൾ കൂടാതെ, ഇതിലൂടെ നിയന്ത്രിക്കപ്പെട്ട ജനനങ്ങളുടെ എണ്ണം നമുക്ക് സങ്കൽപ്പിക്കാവുന്നതേയുള്ളൂ.
എച്ച് എൽ എല്ലിൻറെ ഉൽപ്പന്നങ്ങളും, നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള നിരന്തരമായ ബോധവൽക്കരണ പരിപാടികളും ജനസംഖ്യാ നിയന്ത്രണത്തിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്ത്യയെ ലോകത്തിലെ ഏറ്റവും യുവജനതയുള്ള രാജ്യമാക്കി മാറ്റുന്നതിൽ എച്ച് എൽ എല്ലിന് വലിയ ഒരു പങ്കുണ്ടെന്ന് കാണാം.