അഹമ്മദാബാദ്: രണ്ടു വർഷങ്ങൾക്കു മുൻപ് ഈ ഗ്രൗണ്ടിൽ നിന്ന് കണ്ണീരുമായാണ് രോഹിത്തും സംഘവും മടങ്ങിയത്. ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യൻ ടീം കങ്കാരുപ്പടയോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അതേ മൈതാനത്ത് പിന്നെ ടീം കാലുകുത്തുന്നത് ഇംഗ്ലണ്ടുമായുള്ള മത്സരത്തിനും. ഇതാകട്ടെ വിജയത്തോടെയുള്ള മടക്കവും. ഇതോടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ ചാമ്പ്യൻസ് ട്രോഫിക്ക് ആത്മവിശ്വാസത്തോടെ തയ്യാറെടുത്തുകഴിഞ്ഞു. ഇന്ത്യ ഉയർത്തിയ 357 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 214 ന് ഓൾഔട്ടായി. ഇന്ത്യ 142 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റേന്തിയ ഇന്ത്യ മുന്നോട്ടുവച്ച 357 റൺസ് വിജയലക്ഷ്യത്തിലേക്കിറങ്ങിയ ഇംഗ്ലണ്ട് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ഫിലിപ് സാൾട്ടും ബെൻ ഡക്കറ്റും ചേർന്ന് ആറോവറിൽ 60-റൺസിലെത്തി. പിന്നാലെ ബെൻ ഡക്കറ്റ് പുറത്തായി. 22 പന്തിൽ നിന്ന് 34 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഫിലിപ് സാൾട്ടിനെയും(23) പുറത്താക്കി അർഷ്ദീപ് സിങ് രണ്ടാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. ടോം ബാന്റൺ(38), ജോ റൂട്ട് (24),ഹാരി ബ്രൂക്ക്(19) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും പിന്നീടിറങ്ങിയവരെ വേഗം കൂടാരം കയറ്റിയ ഇന്ത്യൻ ബൗളർമാർ ടീമിനെ വിജയത്തിലെത്തിച്ചു. ഗസ് ആറ്റ്ക്കിൻസൺ (38) മാത്രമാണ് അൽപ്പമെങ്കിലും പൊരുതിയത്. ഇന്ത്യക്കായി അർഷ്ദീപ് സിങ്, ഹർഷിത് റാണ, അക്ഷർ പട്ടേൽ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു.
നേരത്തേ ഇന്ത്യ നിശ്ചിത 50-ഓവറിൽ ഇന്ത്യ 356 റൺസിന് പുറത്തായിരുന്നു. ഗില്ലിന്റെ സെഞ്ചുറിയും കോലി, ശ്രേയസ് അയ്യര് എന്നിവരുടെ അർധസെഞ്ചുറികളുമാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നായകൻ രോഹിത് ശർമയെ തുടക്കത്തിൽതന്നെ നഷ്ടമായി. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറിയുമായി തിളങ്ങിയ രോഹിത്തിന് അഹമ്മദാബാദിൽ ആകെ ഒരു റൺ മാത്രമാണ് നേടാനായത്. എന്നാൽ ശുഭ്മാൻ ഗില്ലും വിരാട് കോലിയും രണ്ടാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ഇന്ത്യൻ സ്‌കോർ നൂറ് കടന്നു. ഇരുവരും അർധസെഞ്ചുറിയും തികച്ചു. എന്നാൽ ടീം സ്‌കോർ 122 ൽ നിൽക്കേ കോലിയെ ആദിൽ റാഷിദ് മടക്കി. 55 പന്തിൽ നിന്ന് ഏഴ് ഫോറും ഒരു സിക്‌സുമടക്കം 52 റൺസാണ് കോലി നേടിയത്. സെഞ്ചുറിയുമായി ഗില്ലും(112) അർധസെഞ്ചുറിയുമായി ശ്രേയസ് അയ്യരും(78) മൈതാനത്ത് നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ഇരുവരുടെയും വിക്കറ്റ് വീഴ്ത്തി ആദിൽ റാഷിദ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
എന്നാൽ കെഎൽ രാഹുലും (40) ഹാർദിക് പാണ്ഡ്യയും (17) അടിച്ചുകളിച്ചതോടെ ഇന്ത്യൻ സ്‌കോർ മുന്നൂറിനടുത്തെത്തി. അക്ഷർ പട്ടേൽ (13), വാഷിങ്ടൺ സുന്ദർ (14), ഹർഷിത് റാണ (13) അർഷ്ദീപ് സിങ് (2) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. ഇംഗ്ലണ്ടിനായി നാല് വിക്കറ്റെടുത്ത ആദിൽ റാഷിദ് തിളങ്ങി. പരമ്പര സ്വന്തമാക്കിയതോടെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് ആത്മവിശ്വാസത്തോടെ ഇന്ത്യക്ക് കളിക്കാം. ഫെബ്രുവരി 19-നാണ് ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമാവുന്നത്.