പ്രതിപക്ഷവും മറ്റു രാഷ്ട്രീയ പാർട്ടികളും ഉറ്റുനോക്കുന്നത് കശ്മീർ വിഷയത്തിൽ കൈകടത്താൻ അമേരിക്കയെ ഇന്ത്യ അനുവദിക്കുമോയെന്നാണ്. കശ്മീർ പ്രശ്നത്തിനു പരിഹാരം കണ്ടെത്താനായിരിക്കും ഇനി തന്റെ ശ്രമമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ കശ്മീർ പ്രശ്നത്തിൽ ഏതെങ്കിലും മൂന്നാംകക്ഷിയുടെ മധ്യസ്ഥത അനുവദിക്കില്ലെന്നു ദീർഘകാലമായി തുടർന്നുവരുന്ന നിലപാടിൽ ഇന്ത്യ മാറ്റം വരുത്തിയോ എന്നാണു പ്രതിപക്ഷത്തിന്റെ ചോദ്യം.
മാത്രമല്ല പലരും അറിയാത്ത പല കാര്യങ്ങളും ഒരു നിഷ്പക്ഷ വേദിയിൽ ചർച്ച ചെയ്യാൻ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ധാരണയായിട്ടുണ്ടെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ശനിയാഴ്ച നടത്തിയ പ്രഖ്യാപനം ഇന്ത്യയോ മോദിയോ അറിഞ്ഞിട്ട് തന്നെയാണോയെന്ന അതിശയത്തിലാണ് പ്രതിപക്ഷം. അതിനുള്ള കാരണം തന്നെ പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ യുഎസും യുഎന്നും ഉൾപ്പെടെ ഒരു മൂന്നാം കക്ഷിയെയും സജീവമായി ഇടപെടാൻ അനുവദിക്കില്ലെന്നാണ് 1971ലെ ഷിംല കരാർ മുതൽ ഇന്ത്യയുടെ നിലപാട്. കഴിഞ്ഞ ദിവസം തന്നെ ജയറാം രമേഷ് ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം മധ്യസ്ഥവേഷത്തിലോ മധ്യസ്ഥ ചർച്ചയ്ക്കു വേദിയൊരുക്കുന്നതിലോ യുഎസിന്റെ ദീർഘകാല ഇടപെടൽ ഉണ്ടാകുന്നതു തങ്ങളുടെ താൽപര്യങ്ങൾക്കു നിരക്കുന്നതല്ലെന്നും അതു തങ്ങളുടെ പ്രവർത്തനസ്വാതന്ത്ര്യം കുറയ്ക്കുമെന്നും ഇന്ത്യ പൂർണമായി മനസിലാക്കിയിയിട്ടുണ്ടെന്ന് മലയാള മനോരമയ്ക്ക് നൽകിയ സ്റ്റോറിയിൽ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന നെതർലൻഡ്സിലെ മുൻ ഇന്ത്യൻ അംബാസഡർ പറയുന്നു.
അതു ശരിവയ്ക്കും വിധം ശനിയാഴ്ച വെടിനിർത്തൽ തീരുമാനം പ്രഖ്യാപിക്കുമ്പോൾ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഒരുകാര്യം വ്യക്തമായി പറഞ്ഞിരുന്നു: ‘ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ (ഡിജിഎംഒ) തമ്മിൽ തിങ്കളാഴ്ച നടത്താനിരിക്കുന്ന കൂടിക്കാഴ്ചയല്ലാതെ മറ്റേതെങ്കിലും വിഷയത്തിൽ മറ്റെവിടെയെങ്കിലും ചർച്ച നടത്താൻ തീരുമാനിച്ചിട്ടില്ല’ എന്ന്. ഇത് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രഖ്യാപനം മുൻകൂട്ടി കണ്ടുകൊണ്ട് ഒരു മുഴം മുന്നേ മിസ്രി എറിഞ്ഞതായിരിക്കുമെന്ന് ഉറപ്പ്. 2015ൽ ഉറിയിൽ നടന്ന ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഭാഷണം നിർത്തിവച്ചിരിക്കുകയാണ്. പാക്കിസ്ഥാന്റെ മണ്ണിൽനിന്ന് ഇന്ത്യയ്ക്കു നേരെ ഉണ്ടാകുന്ന ഭീകരപ്രവർത്തനങ്ങൾക്കെതിരെ അവിടത്തെ സർക്കാർ വിശ്വസനീയമായ നടപടികൾ സ്വീകരിച്ച ശേഷം മാത്രമേ ചർച്ചകൾ പുനരാരംഭിക്കൂ എന്നാണ് അന്നുതൊട്ട് ഇന്ത്യയുടെ നിലപാട്.
അതേസമയം നിലവിലെ വെടിനിർത്തൽ സാധ്യമാക്കുന്നതിൽ യുഎസ് പ്രധാന പങ്കുവഹിച്ചതായി ഇന്ത്യ അംഗീകരിക്കുന്നുണ്ട്; അങ്ങനെ പുറത്തു പറയുന്നില്ലെങ്കിലും. പക്ഷേ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സകല വിഷയങ്ങളിലും കയറി ഇടപെടാനുള്ള ക്ഷണമായി അമേരിക്ക അതിനെ കാണാൻ ഇന്ത്യ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ, വെടിനിർത്തലിൽ യുഎസിന്റെ പങ്കിനെ കുറച്ചു കാണിക്കാനും ഡിജിഎംഒയുടെ ഫോൺ കോളിനെത്തുടർന്നാണു വെടിനിർത്തലിനു ധാരണയായതെന്നു വരുത്തിത്തീർക്കാനും പൊതുപ്രസ്താവനകളിലെല്ലാം കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
1999ലെ കാർഗിൽ യുദ്ധവേളയിൽ പാക്ക് സൈന്യത്തെ പിൻവലിപ്പിക്കുന്നതിലും 2019ൽ പാക്കിസ്ഥാന്റെ കസ്റ്റഡിയിൽനിന്ന് ഇന്ത്യൻ പൈലറ്റിനെ മോചിപ്പിക്കുന്നതിലും യുഎസ് ഇടപെടൽ ഇന്ത്യയ്ക്ക് ഉപകരിച്ചിരുന്നു. ഇന്ത്യയെ സംബന്ധിച്ച് നിലവിലെ സംഘർഷത്തിലും യുഎസിന്റെ ഇടപെടലിനെ അങ്ങനെയേ കാണേണ്ടതുള്ളൂ.
പാക്കിസ്ഥാനും പാക്ക് മണ്ണിലെ ഭീകരർക്കും ശക്തമായൊരു രാഷ്ട്രീയ സന്ദേശം നൽകാനുള്ള ഒരു നടപടി മാത്രമായാണ് ഓപ്പറേഷൻ സിന്ദൂറിനെ ഇന്ത്യ തുടക്കം മുതൽ കണ്ടത്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഇരുരാജ്യങ്ങളെയും കൂടുതൽ ശത്രുതയിലേക്കു തള്ളിവിട്ടതോടെ സംഘർഷം ലഘൂകരിക്കാൻ ഒരു വഴി കണ്ടെത്തേണ്ടി വന്നു. യുഎസിന്റെ ഇടപെടൽ അതിന് ഉപകരിച്ചു, വെടിനിർത്തലിലൂടെ ലക്ഷ്യം കാണുകയും ചെയ്തു. വെടിനിർത്തൽ നിലവിൽവന്ന സാഹചര്യത്തിൽ, കശ്മീർ ഉൾപ്പെടെയുള്ള മറ്റു വിഷയങ്ങളിൽ ഔപചാരിക ചർച്ചകൾക്കു പ്രേരിപ്പിക്കാനുള്ള പാക്കിസ്ഥാന്റെയോ യുഎസിനെപ്പോലുള്ള മറ്റ് അഭ്യുദയകാംക്ഷികളുടെയോ ശ്രമങ്ങളെ ഇന്ത്യ നിരുത്സാഹപ്പെടുത്താനാണു സാധ്യത.
അതോടൊപ്പം, സിന്ധു നദീജല കരാർ മരവിപ്പിച്ചതിലൂടെ നേടിയെടുത്ത മേൽക്കൈ ഉപയോഗിച്ച് പാക്കിസ്ഥാനുമേൽ കൂടുതൽ സമ്മർദം ചെലുത്താനും ഭീകരപ്രവർത്തനത്തിനെതിരെ നടപടിയെടുക്കാൻ അവരെ നിർബന്ധിതരാക്കാനുമായിരിക്കും ഇന്ത്യയുടെ ശ്രമം. ഭീകരസംഘടനകൾക്കും അവരുടെ ക്യാംപുകൾക്കുമെതിരെ വിശ്വസനീയമായ നടപടിയെടുക്കുന്നതുവരെ പാക്കിസ്ഥാനുമായി ഔപചാരിക ചർച്ചകൾക്കില്ല എന്ന പരസ്യ നിലപാട് ഇന്ത്യ ഇനിയും തുടരും. എങ്കിലും, ഓപ്പറേഷൻ സിന്ദൂറിലൂടെ നടത്തിയ ശക്തിപ്രകടനം പാക്കിസ്ഥാനു തങ്ങളോടുള്ള മനോഭാവത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്നറിയാൻ മുൻകാലങ്ങളിലേതുപോലെ അനൗപചാരിക വഴികളിലൂടെ രഹസ്യബന്ധങ്ങൾ തുടങ്ങാൻ സാധ്യതയുണ്ട്.