അഹമ്മദാബാദ്: വിദേശ രാജ്യങ്ങളെ വെല്ലും വിധം വൻ മുന്നേറ്റം നടത്തിയിരിക്കുകയാണ് ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ സാങ്കേതികവിദ്യാ രംഗം. ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്ന വസ്തുക്കളെ മറ്റൊരു ഉപഗ്രഹത്തിൽനിന്ന് നിരീക്ഷിക്കാനുള്ള തദ്ദേശീയ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചുറപ്പിച്ചിരിക്കുകയാണ് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസിസ്റ്റ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് (Azista Industries Private Limited). ബഹിരാകാശ സാഹചര്യങ്ങൾ വിലയിരുത്താനുള്ള ഇന്ത്യയുടെ കഴിവ് ശക്തമാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.
ഭ്രമണപഥത്തിലെ അതിവേഗം നീങ്ങുന്ന വസ്തുക്കളെ പിന്തുടരുന്നതിനും അവയുടെ സവിശേഷതകൾ മനസ്സിലാക്കുന്നതിനും ഇന്ത്യൻ കമ്പനി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യക്ക് സാധിക്കുമെന്നതിന്റെ തെളിവാണ് ഈ നേട്ടം. വരുംകാലത്ത് ബാലിസ്റ്റിക് മിസൈലുകളെ നിരീക്ഷിക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായകമാകുമെന്ന് അസിസ്റ്റ മാനേജിങ് ഡയറക്ടർ ശ്രീനിവാസ് റെഡ്ഡി പറഞ്ഞു.
80 കിലോഗ്രാം ഭാരമുള്ള എ.എഫ്.ആർ. ഉപഗ്രഹം ഉപയോഗിച്ച്, ഫെബ്രുവരി മൂന്നിന് നടത്തിയ രണ്ട് പരീക്ഷണങ്ങളിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ISS) ചിത്രങ്ങൾ അസിസ്റ്റ വിജയകരമായി പകർത്തി. അന്തർദേശീയ തലത്തിൽ അതീവ തന്ത്രപ്രധാനമായി കാണുന്ന ഈ മേഖലയിൽ ഇന്ത്യൻ സ്വകാര്യമേഖല കൈവരിക്കുന്ന സുപ്രധാന നേട്ടമാണിത്. പൂർണമായും സ്വകാര്യമേഖലയുടെ നിയന്ത്രണത്തിലുള്ളതാണ് എ.എഫ്.ആർ. ഉപഗ്രഹം. അസിസ്റ്റ ബി.എസ്.ടി. എയറോസ്പേസാണ് ഈ ഉപഗ്രഹം വികസിപ്പിച്ചത്. 2023 ജൂൺ 13-ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് ഇത് വിക്ഷേപിച്ചത്. രണ്ടര വർഷമായി ഭ്രമണപഥത്തിൽ തുടരുന്ന ഇതിന് ഇനിയും രണ്ടര വർഷംകൂടി സജീവപ്രവർത്തനം നടത്താനാകും.
അന്താരാഷ്ട്ര ബഹികാരാശ നിലയത്തിന്റെ ചിത്രങ്ങളെടുക്കാൻ നടത്തിയ രണ്ടു പരീക്ഷണങ്ങളും ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണ് ഈ സാങ്കേതിക സംവിധാനം പൂർത്തീകരിച്ചത്. ആദ്യ ദൗത്യത്തിൽ ഏകദേശം 300 കിലോമീറ്റർ അകലെനിന്ന് ചിത്രങ്ങൾ പകർത്തി.രണ്ടാം ദൗത്യത്തിൽ 245 കിലോമീറ്റർ അകലെനിന്നും ചിത്രങ്ങൾ പകർത്തി. ഈ രണ്ട് പരീക്ഷണങ്ങളിലും എ.എഫ്.ആർ. ഉപഗ്രഹത്തിന്റെ സെൻസർ ഉപയോഗിച്ച് അതിവേഗം നീങ്ങുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ കൃത്യമായി പിന്തുടരാനും 202 മീറ്റർ ഇമേജിങ് സാംപ്ലിങ്ങിലുള്ള 15 വ്യത്യസ്ത ഫ്രെയിമുകൾ പകർത്താനുമാണ് അസിസ്റ്റ ശ്രമിച്ചത്. ഇത് വിജയം കാണുകയും ചെയ്തു.
ബഹിരാകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള അവബോധമുണ്ടായിരിക്കേണ്ടത് സമീപകാല സാഹചര്യങ്ങളിൽ അത്യന്താപേക്ഷിതമാണ്. ബഹിരാകാശ ഉപഗ്രഹങ്ങളെ നിരീക്ഷിക്കുന്നതിനും തടസ്സപ്പെടുത്തുന്നതിനും തകർക്കുന്നതിനും ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണിത്. ബഹിരാകാശ രംഗത്ത് ലോകശക്തികളിൽ ഒന്നായ ഇന്ത്യ നിലവിൽ വാർത്താവിനിമയം, ഗതിനിർണയം, ഭൗമനിരീക്ഷണം തുടങ്ങിയ മേഖലകളിലായി 50,000 കോടിയിലധികം രൂപ മൂല്യമുള്ള 50-ലധികം ഉപഗ്രഹങ്ങൾ സജ്ജമാക്കി പ്രവർത്തിപ്പിക്കുന്നുണ്ട്. അവയുടെയെല്ലാം സുരക്ഷയ്ക്കായി മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എന്ത് ചെയ്യുന്നു എന്ന് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ. അടുത്തിടെ നടന്ന സ്പേഡെക്സ് ദൗത്യത്തിലുൾപ്പെടെ അത്തരത്തിലുള്ള സാങ്കേതികവിദ്യകളിൽ നേരത്തേതന്നെ കഴിവുതെളിയിച്ചിട്ടുണ്ടെങ്കിലും സ്വകാര്യമേഖലയിൽ നിന്നുള്ള ഈ നേട്ടം പുതുമയുള്ളതാണ്. ഭാവിയിൽ കൂടുതൽ സങ്കീർണമായ ലക്ഷ്യങ്ങൾ പിന്തുടരാൻ ഈ സാങ്കേതികവിദ്യയെ വികസിപ്പിച്ചെടുക്കാനാവും.
പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന ജോലികളിലാണ് ഇപ്പോൾ അസിസ്റ്റ. ഇതിലൂടെ ബഹിരാകാശ നിലയത്തിന്റെ 25 സെന്റീമീറ്റർ വരെ റെസല്യൂഷനുള്ള ചിത്രങ്ങൾ പകർത്താൻ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.















































