വാഷിങ്ടൺ: ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചതോടെ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ തീരുവയുള്ള രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയ്ക്ക് മേലുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കിയാണ് അമേരിക്ക കുറച്ചത്. തീരുവ കുറച്ചതിൽ ട്രംപിന്റെ നടപടിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നതിൽ പിഴച്ചുങ്കമായുള്ള 25 ശതമാനം അടക്കം 50 ശതമാനമായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള തീരുവ. ഇതാണ് 18 ശതമാനത്തിലേക്ക് കുറഞ്ഞത്. തിങ്കളാഴ്ച നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമമായെന്ന് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് അറിയിച്ചത്.
അതേസമയം ഇന്ത്യ- യുഎസ് വ്യാപാരക്കരാറിനെക്കുറിച്ച് ഇന്ത്യ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ വിഷയത്തെക്കുറിച്ച്റ ട്രംപ് മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. തീരുവ കുറച്ചതിന് പകരമായി റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും അത് യുക്രൈൻ യുദ്ധം തീർക്കുന്നതിന് സഹായകരമാകുമെന്നും ട്രംപ് പറയുകയുണ്ടായി. യുഎസിന്റെ ഊർജ, സാങ്കേതിക, കാർഷിക മേഖലയിൽ നിന്ന് 50,000 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നും ട്രംപ് അവകാശപ്പെട്ടു.
പുതിയ തീരുമാന പ്രകാരം ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ തീരുവ ഇന്ത്യയ്ക്കാണ്. പാകിസ്താൻ 19 ശതമാനം, ബംഗ്ലാദേശ് 20 ശതമാനം, വിയറ്റ്‌നാം 19 ശതമാനം, മലേഷ്യ 19 ശതമാനം, കമ്പോഡിയ 19 ശതമാനം, തായ്‌ലന്റ് 19 ശതമാനം എന്നിങ്ങനെയാണ് മറ്റ് പ്രധാന ഏഷ്യൻ രാജ്യങ്ങളുടെ താരിഫ് നിരക്ക്. ഇന്ത്യയുടെ പ്രധാന വ്യാപാര പ്രതിയോഗിയായ ചൈനയ്ക്ക് 37 ശതമാനമാണ് തീരുവ. ബ്രസീൽ 50 ശതമാനം, ദക്ഷിണാഫ്രിക്ക 30 ശതമാനം, മ്യാൻമർ 40 ശതമാനം, ലാവോസ് 40 ശതമാനം. ഇങ്ങനെയാണ് ഉയർന്ന തീരുവയുള്ള രാജ്യങ്ങളുടെ കണക്ക്.
ആഗോള തലത്തിൽ നോക്കുകയാണെങ്കിൽ യുകെ ആണ് ഏറ്റവും കുറഞ്ഞ തീരുവയുള്ള രാജ്യം. പത്ത് ശതമാനമാണ് യുകെയ്ക്ക് മേൽ ചുമത്തിയിക്കുന്ന തീരുവ. യുറോപ്യന് യൂണിയൻ 15 ശതമാനം, ജപ്പാന് 15 ശതമാനം, സ്വിറ്റ്‌സർലന്റിന് 15 ശതമാനം എന്നീ നിലയിൽ തീരുവ ഈടാക്കുന്നു.

















































