ഹൊബാർട്ട്: ഇന്ത്യാ- ഓസ്ട്രേലിയ മൂന്നാം മത്സരത്തിൽ ഇന്ത്യ പ്ലേയിങ് ഇലവനിൽ മൂന്നു മാറ്റങ്ങൾ വരുത്തിയാണ് കളത്തിലിങ്ങിയത്. എന്നാൽ ആ മൂന്നു മാറ്റങ്ങളും പാഴായി പോയില്ല. ആദ്യം ബോളിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കായി മൂന്നു വിക്കറ്റുമായി അർഷ്‌ദിപ് സിങ് കളം നിറഞ്ഞാടി. പിന്നാലെ ബാറ്റിങ് വെടിക്കെട്ടുമായി വാഷിങ്ടൻ സുന്ദറും (23 പന്തിൽ 49*) എത്തിയതോടെ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം.
സുന്ദറിന് ഉറച്ച പിന്തുണ നൽകിയ ജിതേഷ് ശർമയും (13 പന്തിൽ 22*) എത്തിയതോടെ ജയം ഇന്ത്യയുടെ കൈപ്പിടിയിൽ ഒതുങ്ങുകയായിരുന്നു. ഓസീസ് ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 18.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ആറാം വിക്കറ്റിൽ ഒന്നിച്ച വാഷിങ്ടൻ– ജിതേഷ് സഖ്യമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇതോടെ പരമ്പരയിൽ 1–1ന് ഇന്ത്യ ഒപ്പമെത്തി.
മറുപടി ബാറ്റിങ്ങിൽ, മികച്ച തുടക്കമാണ് ഓപ്പണിങ് ജോടിയായ അഭിഷേക് ശർമ– ശുഭ്മാൻ ഗിൽ സഖ്യം ഇന്ത്യയ്ക്കു നൽകിയത്. ഇരുവരും ചേർന്ന് 33 റൺസ് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തു. പതിവു പോലെ ബോളർമാരെ പ്രഹരിച്ച അഭിഷേക്, 2 സിക്സും 2 ഫോറുമാടിച്ചു. 16 പന്തിൽ 25 റൺസെടുത്ത അഭിഷേകിനെ നാലാം ഓവറിൽ നാഥൻ എല്ലിസ് വീഴ്ത്തി. പിന്നാലെയെത്തിയ സൂര്യകുമാർ യാദവും സ്കോറിങ് താഴാതെ നോക്കി. പവർപ്ലേ അവസാനിക്കുന്നതിന് മുൻപ് ഗില്ലിന്റെ (12 പന്തിൽ 15) വിക്കറ്റും ഇന്ത്യയ്ക്കു നഷ്ടമായി. അധികം വൈകാതെ സൂര്യകുമാർ യാദവിനെയും (11 പന്തിൽ 24) നഷ്ടമായി. രണ്ടു സിക്സും ഒരു ഫോറുമാണ് സൂര്യകുമാർ യാദവിന്റെ ബാറ്റിൽനിന്നു പിറന്നത്.
പിന്നാലെയെത്തിയ തിലക് വർമ (26 പന്തിൽ 29)– അക്ഷർ പട്ടേൽ (12 പന്തിൽ 17) സഖ്യവും ഇടിവുതട്ടാതെ ബാറ്റുവീശി. 12–ാം ഓവറിൽ അക്ഷറിനെ നാഥാൻ എല്ലിസും 15–ാം തിലക് വർമയെ സേവ്യർ ബാർട്ടലെറ്റ് പുറത്താക്കുകയായിരുന്നു. തുടർന്നെത്തിയ വാഷിങ്ടനും ജിതേഷും അതിവേഗം സ്കോറിങ് ഉയർത്തിയതോടെ ഇന്ത്യ പെട്ടെന്നു ലക്ഷ്യത്തിലേക്ക് എത്തി. ജിതേഷ് ശർമ, മൂന്നു ഫോറടിച്ചു. ഓസീസിനായി നാഥാൻ എല്ലിസ് മൂന്നു വിക്കറ്റും സേവ്യർ ബാർട്ടലെറ്റ്, മാർക്കസ് സ്റ്റോയിനിസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
















































