മുംബൈ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മഡുറോയെ പിടികൂടി യുഎസിലേക്ക് കൊണ്ടുപോയതുപോലെ, മുംബൈ ഭീകരാക്രമണ സൂത്രധാരൻ മസൂദ് അസ്ഹറിനെ മോദി പാക്കിസ്ഥാനിൽനിന്ന് പിടിച്ചുകൊണ്ടുവരണമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഇത്രനാൾ കഴിഞ്ഞിട്ടും ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് ഇന്ത്യ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഒവൈസി.
‘ഇന്ന് ഞങ്ങൾ കേട്ടത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സേന വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡുറോയെ പിടികൂടി അമേരിക്കയിലേക്ക് കൊണ്ടുപോയെന്നാണ്. യുഎസ് പ്രസിഡന്റിന് വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡുറോയെ അയാളുടെ രാജ്യത്തുനിന്ന് തട്ടിക്കൊണ്ടുപോകാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് (പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്) പാക്കിസ്ഥാനിൽ പോയി 26/11 ഭീകരാക്രമണ സൂത്രധാരരെ ഇന്ത്യയിലേക്ക് തിരികെക്കൊണ്ടുവരാൻ കഴിയും’- ഒവൈസി പറഞ്ഞു.
അതുപോലെ പ്രധാനമന്ത്രി സൈന്യത്തെ പാക്കിസ്ഥാനിലേക്ക് അയച്ച് മസൂദ് അസ്ഹറിനേയും ലഷ്‌കറെ ത്വയ്ബയിലെ മറ്റു ഭീകരരേയും തിരികെക്കൊണ്ടുവരണം. ‘ഞങ്ങൾ നിങ്ങളോട് പറയുന്നു, മോദിജീ, നിങ്ങൾക്ക് എന്തുകൊണ്ട് സൈന്യത്തെ പാക്കിസ്ഥാനിലേക്കയച്ച് 26/11 ഭീകരാക്രമണങ്ങളുടെ സൂത്രധാരരെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ല? അത് മസൂദ് അസ്ഹറോ, ലഷ്‌കറെ ത്വയ്ബയിലെ ക്രൂരനോ ആരുമാകട്ടെ. ട്രംപിന് കഴിയുമെങ്കിൽ, മോദിജീ, നിങ്ങൾക്കും അതിന് കഴിയും. അപ്പോൾ നിങ്ങളും അത് ചെയ്യണം- ഒവൈസി പറഞ്ഞു.
അതേസമയം 2008 നവംബർ 26-നാണ് മുംബൈ ഭീകരാക്രമണം നടന്നത്. അന്ന് പാക്കിസ്ഥാനിൽനിന്നുള്ള ലഷ്‌കറെ ത്വയ്ബയുടെ പത്ത് ഭീകരർ നഗരത്തിലുടനീളം 12 ആക്രമണങ്ങൾ നടത്തി. ആക്രമണത്തിൽ 170-ലധികം പേർ കൊല്ലപ്പെടുകയും മുന്നൂറിലേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു.


















































