നവിമുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ പുതു ചരിതം രചിക്കാനിറങ്ങി പെൺ പുലികൾ. ദക്ഷിണാഫ്രിക്കയുടെ കന്നി ഫെെനലാണിതെങ്കിൽ ഇന്ത്യ 2005, 2017 ലോകകപ്പ് ഫൈനലുകളിൽ പരാജയം ഏറ്റുവാങ്ങിയാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർട്ട് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും.
അതേസമയം സെമി ഫൈനൽ വിജയിച്ച ഇതേ പ്ലേയിങ് ഇലവനുമായിട്ടാണ് കലാശപ്പോരിലും ഇന്ത്യ ഇറങ്ങുന്നത്. ഈ ലോകകപ്പിൽ കളിച്ച 9 മത്സരങ്ങളിൽ എട്ടു തവണയും ഹർമൻപ്രീതിനു ടോസ് നഷ്ടപ്പെട്ടു. ബംഗ്ലദേശിനെതിരായ ഒറ്റ മത്സരത്തിൽ മാത്രമാണ് ടോസ് ഭാഗ്യം ഒപ്പം നിന്നത്. എന്നാൽ ആ മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു.
മഴയെ തുടർന്നു രണ്ടു മണിക്കൂർ വൈകിയാണ് ടോസ് ഇട്ടത്. എങ്കിലും ഓവറുകൾ ചുരുക്കിയിട്ടില്ല. രണ്ടരയ്ക്കു നിശ്ചയിച്ചിരുന്ന ടോസ്, ഔട്ട്ഫീൽഡിൽ നനവിനെ തുടർന്ന് മൂന്നു മണിക്ക് ഇടുമെന്ന് അറിയിച്ചിങ്കിലും വീണ്ടും മഴയെത്തിയതോടെ സാധിച്ചില്ല. പിന്നീടാണ് 4.32ന് ടോസ് ഇടുമെന്ന് അറിയിപ്പ് വന്നത്.
അതേസമയം വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഓസ്ട്രേലിയയോ, ഇംഗ്ലണ്ടോ ഇല്ലാതെ നടക്കുന്ന ആദ്യ ഫൈനലാണിത്. സെമിയിൽ ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയെ ഇന്ത്യയും തകർത്തതോടെ ചാംപ്യൻമാരുടെ പട്ടികയിൽ ഇക്കുറി പുതിയൊരു പേരു പതിയും. കിരീടം ആരു സ്വന്തമാക്കിയാലും അവരുടെ രാജ്യത്ത് വനിതാ ക്രിക്കറ്റിന്റെ ഭാവി തന്നെ മാറുമെന്ന് ഉറപ്പ്. നാളിതുവരെയുള്ള ചരിത്രം നോക്കിയാൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ് എന്നീ ടീമുകൾ മാത്രമാണ് വനിതാ ഏകദിന ലോകകപ്പിൽ മുത്തമിട്ടിട്ടുള്ളത്.
















































