ഇന്ത്യ- പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ അവധിയെടുത്തിട്ടുള്ള ഉദ്യോഗസ്ഥരോട് ജോലിയിൽ തിരികെ പ്രവേശിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം. ഇതോടെ അവധിയിലായിരുന്ന ഒട്ടേറെ സൈനികർ തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു. ഇതിനിടെ അവധി റദ്ദാക്കി ജോലിയിലേക്ക് തിരികെ പ്രവേശിച്ച മധ്യപ്രദേശിൽ നിന്നുള്ള ഐഎഎഫ് ഉദ്യോഗസ്ഥൻ ദേശീയ ശ്രദ്ധ നേടുന്നത്. കാരണം വേറൊന്നുമല്ല ഈ ഐഎഎഫ് ഉദ്യോഗസ്ഥൻ ജോലിയിൽ പ്രവേശിച്ചത് വേറെവിടുന്നുമല്ല സ്വന്തം വിവാഹപ്പന്തലിൽ നിന്നാണ്.
മധ്യപ്രദേശിലെ രാജഗഢ് സ്വദേശിയായ മോഹിത് രാത്തോർ എന്ന സൈനികനാണ് അവധി റദ്ദാക്കിയതിന് പിന്നാലെ രാജ്യ വ്യാപകമായി വാർത്തകളിൽ ഇടം നേടുന്നത്. ഇസാപൂർ എയർ ഫോഴ്സ് സ്റ്റേഷനിൽ സേവനം അനുഷ്ഠിക്കുകയാണ് മോഹിത് രാത്തോർ.
സ്വന്തം വിവാഹത്തിന് വേണ്ടിയായിരുന്നു മോഹിത് രാത്തോർ അവധിയെടുത്തത്. എന്നാൽ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തിരികെ ജോലിയിൽ പ്രവേശിച്ചാണ് മോഹിത് രാത്തോർ രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുന്നത്. ഏപ്രിൽ 15 മുതൽ മെയ് 15 വരെ ആയിരുന്നു മോഹിത് രാത്തോർ അവധി എടുത്തിരുന്നത്. വ്യാഴാഴ്ചയായിരുന്നു മോഹിത്തിന്റെ വിവാഹം.
പിന്നാലെ അവധി റദ്ദാക്കി ജോലിയിലേക്ക് തിരികെ പ്രവേശിക്കുകയായിരുന്നു. രാജ്യമാണ് വലുതെന്നും അതിനാൽ അവധി റദ്ദാക്കി മടങ്ങാൻ ആവശ്യപ്പെട്ടതിൽ തനിക്ക് ദുഃഖമില്ലെന്നും മോഹിത് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വധു വന്ദനയും മറ്റ് കുടുംബാംഗങ്ങളും മോഹിതിന് പൂർണ പിന്തുണ നൽകി ആറ് വർഷം മുൻപാണ് മോഹിത് വ്യോമസേനയുടെ ഭാഗമായത്. മോഹിത് സേനയുടെ ഭാഗമായി രാജ്യത്തെ സേവിക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നതായി മാതാപിതാക്കളും പറയുന്നു.