പാക്കിസ്ഥാനും ഇന്ത്യും തമ്മിലുള്ള സംഘർഷത്തിനിടെ തന്നെ ഇന്ത്യയിൽ താമസിക്കാൻ അനുവദിക്കണമെന്നും പാകിസ്താന്റെ മകളായിരുന്ന താൻ ഇപ്പോൾ ഇന്ത്യയുടെ മരുമകളാണെന്നും വൈറൽതാരം സീമാ ഹൈദർ. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ പാകിസ്താനെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങിയതോടെ സീമാ ഹൈദർക്ക് ഇന്ത്യ വിടേണ്ടി വരുമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് സീമ അഭ്യർഥനയുമായി രംഗത്തെത്തിയത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ സീമ പറയുന്നതിങ്ങനെ-‘പാകിസ്താനിലേക്ക് പോകാൻ എനിക്ക് താത്പര്യമില്ല. എന്നെ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്ന് ഞാൻ പ്രധാനമന്ത്രിയോടും ഉത്തർ പ്രദേശ് മുഖ്യമന്ത്രിയോടും അഭ്യർഥിക്കുന്നു. ഞാനിപ്പോൾ മോദിജിയും യോഗിജിയും നൽകുന്ന അഭയത്തിനായാണ് കാത്തിരിക്കുന്നത്. ഞാൻ പാകിസ്താന്റെ മകളായിരുന്നു. എന്നാലിപ്പോൾ ഇന്ത്യയുടെ മരുമകളാണ്. എന്നെ ഇവിടെ താമസിക്കാൻ അനുവദിക്കൂ. കൂടാതെ ഇന്ത്യക്കാരനായ സച്ചിൻ മീണയെ വിവാഹം കഴിച്ചതിന് ശേഷം താൻ ഹിന്ദുമതം സ്വീകരിച്ചുവെന്ന് സീമ അവകാശപ്പെടുന്നു.
അതേസമയം പബ്ജി ഗെയിമിലൂടെയുള്ള പ്രണയത്തിനൊടുവിൽ കാമുകനായ നോയിഡ സ്വദേശി സച്ചിൻ മീണയ്ക്കൊപ്പം ജീവിക്കാനായാണ് വിവാഹിതയായ സീമ ഹൈദർ നാലുകുട്ടികളുമായി രണ്ടുവർഷം മുൻപ് ഇന്ത്യയിലെത്തിയത്. നേപ്പാൾ അതിർത്തി വഴിയായിരുന്നു യുവതി ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ചത്. തുടർന്ന് സച്ചിനൊപ്പം താമസിച്ചു വരുന്നതിനിടെ നിയമപരമായി കാമുകനെ വിവാഹം കഴിക്കാനുള്ള മാർഗങ്ങൾ തേടിയതോടെയാണ് സീമ പാക് സ്വദേശിയാണെന്ന വിവരം പുറംലോകമറിഞ്ഞത്. ഇതോടെ സീമ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. തുടർന്ന് സച്ചിനെ വിവാഹം കഴിച്ച് ഒരുമിച്ച് താമസം തുടരുകയായിരുന്നു. കൂടാതെ കഴിഞ്ഞ മാസം ഇവർക്ക് പെൺകുഞ്ഞ് പിറന്നിരുന്നു. ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലാണ് സീമ കുഞ്ഞിന് ജന്മം നൽകിയത്.
നിലവിൽ സീമ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററാണ്. സീമയ്‌ക്കൊപ്പം സച്ചിനും സോഷ്യൽമീഡിയയിൽ സജീവമാണ്. കുടുംബത്തിന്റെ നിലവിലെ പ്രധാന വരുമാന മാർഗവും സോഷ്യൽ മീഡിയയിൽനിന്നുള്ള പ്രതിഫലമാണ്. ഇരുവർക്കുമായി നിലവിൽ ആറ് യൂട്യൂബ് ചാനലുകളുണ്ടെന്നാണ് റിപ്പോർട്ട്. ദമ്പതിമാരുടെ പ്രധാന ചാനലിന് മാത്രം ഒരു മില്യണിലേറെ സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ഫാമിലി വ്‌ളോഗ്, ഡെയ്‌ലി ലൈഫ് വീഡിയോകൾ തുടങ്ങിയവയാണ് ഇരുവരും തങ്ങളുടെ ചാനലുകളിൽ പ്രധാനമായും അപ്ലോഡ് ചെയ്യുന്നത്. സീമ ഗർഭിണിയായതോടെ ഗർഭകാലത്തെ വിശേഷങ്ങളും ദമ്പതിമാർ തങ്ങളുടെ ചാനലിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.
എന്നാൽ സീമാ ഹൈദറിന് പാകിസ്താനിലേക്ക് മടങ്ങേണ്ടി വരുമെന്നും എന്നാൽ അവരുടെ കേസിന് പ്രത്യേക പരിഗണന നൽകേണ്ട ചില സങ്കീർണതകളുണ്ടെന്നും ഡൽഹി ഹൈക്കോടതി അഭിഭാഷകൻ അബൂബക്കർ സബ്ബാഖ് പറയുന്നു. ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചായിരിക്കും അന്തിമ തീരുമാനം. സീമ ഹൈദർ ഒരു ഇന്ത്യൻ പൗരനെ വിവാഹം കഴിക്കുകയും ഒരു കുഞ്ഞുണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ അവർക്കെതിരായ ഏത് നടപടിയും സംസ്ഥാന അധികാരികളിൽ നിന്നുള്ള റിപ്പോർട്ടിനെ ആശ്രയിച്ചിരിക്കുമെന്നും സബ്ബാഖ് വ്യക്തമാക്കുന്നു.
അതേസമയം സീമ ഹൈദർ ഇന്ത്യയിലേക്ക് പ്രവേശിച്ച രീതി അവരുടെ സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നു. വിസയിലൂടെ രാജ്യത്ത് പ്രവേശിച്ച മറ്റ് പാകിസ്താൻ പൗരന്മാരിൽ നിന്ന് വ്യത്യസ്തമായി സാധാരണ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ഒഴിവാക്കി നേപ്പാൾ വഴിയാണ് സീമ അതിർത്തി കടന്നത്. കൂടാതെ അവർക്ക് ഇതുവരെ ഇന്ത്യൻ പൗരത്വം ലഭിച്ചിട്ടില്ല. അത് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.