ഹൈദരാബാദ്: തെലങ്കാനയിലെ മഞ്ചേരിയൽ ജില്ലയിലെ ഗ്രാമത്തിലെ നൂറോളം തെരുവ് നായ്ക്കളെ വിഷം കുത്തിവച്ച് കൊന്നൊടുക്കിയതായി പരാതി. കിഷ്താപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. നായ്ക്കളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ നദീതീരത്ത് കുഴിച്ചുമൂടിയതായാണ് പുറത്തുവരുന്ന വിവരം.
മൃഗസംരക്ഷണ പ്രവർത്തകരുടെ പരാതിയിൽ ഗ്രാമത്തിലെ സർപഞ്ചിനും പഞ്ചായത്ത് സെക്രട്ടറിക്കുമെതിരെ പൊലീസ് കേസെടുത്തു. മാർച്ച് 7-ാം തീയതി രാത്രിയിലാണ് ഈ ക്രൂരത നടന്നത്തിയതെന്ന് സന്നദ്ധ സംഘടനയായ ‘സ്ട്രേ ആനിമൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ’യുടെ ക്രൂരത തടയൽ മാനേജർ എ. ഗൗതം പറഞ്ഞു. വിഷ കുത്തിവയ്പ്പ് നൽകിയ ശേഷം ഏകദേശം 100 തെരുവ് നായ്ക്കളെ കൊന്നതായും തെളിവ് നശിപ്പിക്കാനായി സമീപത്തുള്ള പുഴയോരത്ത് കുഴിച്ചിട്ടതായും ഗൗതം പരാതിയിൽ ആരോപിച്ചു.
കിഷ്താപൂർ ഗ്രാമത്തിലെ സർപഞ്ചും പഞ്ചായത്ത് സെക്രട്ടറിയും ചേർന്ന് രണ്ട് പേരെ വാടകക്കെടുത്ത് ഈ കൃത്യം നിർവഹിച്ചെന്നാണ് ആരോപണം.സംഭവമറിഞ്ഞതോടെ മൃഗസ്നേഹികൾക്കിടയിലും നാട്ടുകാർക്കിടയിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും ഗ്രാമത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷണം ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്.











































