കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത 544-ലെ പാലിയേക്കരയിൽ ടോൾ പിരിക്കാനുള്ള സ്റ്റേ പിൻവലിച്ച് ഹൈക്കോടതി. പക്ഷെ ഉയർത്തിയ നിരക്കിൽ പിരിക്കാനാകില്ലെന്നും പഴയ നിരക്കിൽ മാത്രമേ ടോൾ പിരിക്കാൻ സാധിക്കുകയുള്ളൂവെന്നും ഹൈക്കോടതി നിർദേശം നൽകി. അതേസമയം കോടതി കേസ് തീർപ്പാക്കിയിട്ടില്ല. പത്ത് ദിവസത്തിന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കോടതി വീണ്ടും പരിഗണിക്കും. പാലിയേക്കരയിലെ എല്ലാ പ്രശ്‌നങ്ങളും വേഗത്തിൽ തീർപ്പാക്കാമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം ടോൾ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ഒരു തീരുമാനം കൈക്കൊണ്ടുകൂടേ എന്ന് കോടതി ദേശീയപാതാ അതോറിറ്റിയോട് നേരത്തെ ചോദിച്ചിരുന്നു. ജനം നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോൾ പിരിവ് നിർത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകരാണ് കോടതിയെ സമീപിച്ചത്. അതേസമയം ടോൾ പിരിക്കാൻ അനുവദിക്കണമെന്നും എന്നാൽ മാത്രമേ ദേശീയപാതയിലെ മറ്റ് സ്ഥലങ്ങളിലെ അറ്റകുറ്റപ്പണികൾ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുകയുള്ളൂവെന്നാണ് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസ്റ്റർ ജനറൽ കോടതിയെ അറിയിച്ചത്. നേരത്തെ റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും പരിഗണിച്ചാണ് ഹൈക്കോടതി ടോൾ പിരിവ് സ്റ്റേ ചെയ്തത്.